ലുലു ജി.സി.സിയിലെ ഏറ്റവും മികച്ച ഷോപ്പിങ്​ ലക്ഷ്യസ്ഥാനം : സൗദി വ്യവസായ മന്ത്രി
lulu1

റിയാദ്​: ലുലു ജി.സി.സിയിലെ ഏറ്റവും മികച്ച ഷോപ്പിങ്​ ലക്ഷ്യസ്ഥാനമാണെന്ന്​ സൗദി വ്യവസായ, ധാതുവിഭവ മന്ത്രി എൻജി. ബന്ദർ ബിൻ ഇബ്രാഹിം അൽഖൊറൈഫ് പറഞ്ഞു​. ലുലു ഹൈപർമാർക്കറ്റിൽ പ്രത്യേകം അണിനിരത്തിയ സൗദി ഉൽപന്നങ്ങൾ കാണാൻ റിയാദിലെ അത്​യാഫ്​ മാളിലെത്തിയതായിരുന്നു മന്ത്രി.

ലുലു ഹൈപർമാർക്കറ്റുകളും ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലിയും സൗദി ഉൽപന്നങ്ങൾക്ക്​ നൽകുന്ന പിന്തുണയെ എടുത്തുപറഞ്ഞ്​ പ്രശംസിച്ച മന്ത്രി, ലുലുവി​ന്റെ വെയർഹൗസിന്​ സൗജന്യ ഭൂമിയും ലോജിസ്​റ്റിക്​സിന്​ ആവശ്യമായ മുഴുവൻ പിന്തുണയും വാഗ്​ദാനം ചെയ്​തു. ലുലുവി​ൽ സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ സന്ദർശിച്ച മന്ത്രി ഇവിടെ മണിക്കൂറുകളോളം ചെലവഴിച്ചു. ശേഷം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ലുലുവിൽനിന്നെടുത്ത ചിത്രങ്ങ​ൾ പോസ്​റ്റ്​ ചെയ്തു. ലുലുവിനെ പ്രശംസിക്കുന്ന​ ട്വീറ്റും പോസ്റ്റ് ചെയ്തു.

മന്ത്രിയെ ലുലു സൗദി മാനേജ്​മെന്റും സൗദി ജീവനക്കാരും ചേർന്ന്​ ഊഷ്​മളമായി വരവേറ്റു. കാർഷികോൽപന്നങ്ങൾ ഉൾപ്പടെ സൗദി നിർമിത നിത്യോപയോഗ വസ്​തുക്കൾ ഹൈപർമാർക്കറ്റുകളിലും സ്​റ്റോറുകളിലും അണിനിരത്തിയ ലുലു വിപണിയിൽ ആഭ്യന്തര ഉൽപന്നങ്ങളുടെ സാന്നിധ്യം സജീവമാക്കി നിർത്തുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന്​ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഈത്തപ്പഴം, സൗദി കോഫി, ചെങ്കടൽ മത്സ്യവിഭവം, ആട്​, മാട്​ ഇറച്ചികൾ, പഴം പച്ചക്കറി വർഗങ്ങൾ തുടങ്ങി ഭക്ഷണ, ഭക്ഷ്യേതര ഇനങ്ങളിലായി 1,200 സൗദി ഉൽപന്നങ്ങൾ ലുലു ഹൈപർമാർക്കറ്റുകളിൽ അണിനിരത്തിയിട്ടുണ്ട്​. വിപണിയിലെ കരിഞ്ചന്തയും പൂഴ്​ത്തിവെപ്പും ഒഴിവാക്കി മുട്ടകൾ നേരിട്ട്​ എത്തിക്കാനായി അടുത്തിടെ ലുലു ഗ്രൂപ്പും സൗദി മുട്ട ഉൽപാദക അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

വിഷൻ 2030​ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കു​വഹിക്കാൻ സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റും ചേർന്ന് ആരംഭിച്ച ദേശീയ സംരംഭമായ 'സൗദി മെയ്ഡ് പ്രോഗ്രാമി'​ൽ പങ്കാളിയായാണ്​ സൗദി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലുലു നടപടി.

സ്​റ്റോറുകൾ തദ്ദേശീയ പാരമ്പര്യ ഡിസൈനുകളാൽ പ്രത്യേകം അലങ്കരിച്ചാണ് സൗദി ഉൽപന്നങ്ങൾ വിപുലമായി അണിനിരത്തിയതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏറെ അഭിമാനത്തോടെയാണ്​ ലുലുവിൽ പ്രത്യേക സൗകര്യമൊരുക്കി സൗദി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. ഭക്ഷ്യസുസ്ഥിരതക്കും പ്രാദേശിക കാർഷികവിപണിയുടെ അഭിവൃദ്ധിക്കും ഒപ്പം സൗദി ഭരണനേതൃത്വത്തി​ന്റെ ദീർഘദർശനത്തോടെയുള്ള സമഗ്രഹ വികസന പരിപാടി വിഷൻ 2030​ന്റെ ലക്ഷ്യപ്രാപ്​തിക്കും വേണ്ടി ഈ പ്രവർത്തനങ്ങളിലൂടെ ലുലു പങ്കാളിത്തം വഹിക്കുകയാണെന്നും ഷെഹീം മുഹമ്മദ്​ കൂട്ടിച്ചേർത്തു.
 

Share this story