22 രൂപയും കടന്ന് റിയാൽ മൂല്യം
rrrr

ദോഹ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ ഖത്തർ റിയാലിന് റെക്കോഡ് കുതിപ്പ്. ചരിത്രത്തിൽ ആദ്യമായി രൂപക്കെതിരെ റിയാലിന്‍റെ വിനിമയമൂല്യം 22 രൂപയിലെത്തി. വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയമൂല്യം ഉയരാന്‍ കാരണം. വ്യാഴാഴ്ച വിപണി അവസാനിക്കുമ്പോള്‍ ഒരു ഖത്തര്‍ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയമൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയക്കാന്‍ പണവിനിമയ സ്ഥാപനങ്ങളില്‍ എത്തിയവര്‍ക്ക് 22 രൂപ രണ്ടു പൈസ വരെ ലഭിച്ചു.

രണ്ടു വർഷംകൊണ്ടാണ് റിയാലിനെതിരെ രൂപയുടെ വിനിമയനിരക്ക് 20ൽനിന്ന് 21ലെത്തിയതെങ്കിൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിലാണ് 22 രൂപയിലെത്തിയത്. 2020 മാര്‍ച്ചിലാണ് മൂല്യം 20 രൂപയിലേക്ക് എത്തിയത്.

പിന്നീട് കഴിഞ്ഞ മേയിലാണ് 21ലേക്ക് എത്തിയത്. നിരക്കുവർധനക്കു പിന്നാലെ എസ്.എം.എസ് സന്ദേശം അയച്ചും മറ്റും പണവിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കളോട് അവസരം ഉപയോഗപ്പെടുത്താനും ഓർമിപ്പിക്കുന്നുണ്ട്. മാസാവസാനമായതിനാൽ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നിരക്കുവർധന അനുഗ്രഹമാവും. എന്നാൽ, നാട്ടിലെ ചെലവും വിലക്കയറ്റവുമെല്ലാം ജീവിതച്ചെലവ് ഉയരാൻ കാരണമാവുന്നത് തിരിച്ചടിയാണ്.

Share this story