ലോകകപ്പിനുമുമ്പ് ഖത്തറിന് നിർണായക സന്നാഹം ; മത്സരം ഇന്ന് രാത്രി എട്ടിന്
Qatar

ദോഹ: സ്വന്തം മണ്ണിൽ ഒരായിരം സ്വപ്നങ്ങളുമായി ബൂട്ടണിയാൻ ഒരുങ്ങുന്ന ഖത്തറിന് ഇന്ന് നിർണായക സന്നാഹം. മൂന്നുമാസമായി യൂറോപ്യൻ നാടുകളിൽ പരിശീലനം നടത്തി, കളിമികവ് തേച്ചുമിനുക്കിയെടുത്താണ് മെറൂൺ പടയാളികൾ, ലോകകപ്പ് യോഗ്യത നേടിയെത്തുന്ന കാനഡയെ നേരിടുന്നത്. നവംബറിൽ വിശ്വമേളയിൽ ബൂട്ടുകെട്ടുന്നവർ എന്ന നിലയിൽ ഇരു ടീമിനും ഏറെ പ്രസക്തമാണ് സന്നാഹമത്സരം.

ഓസ്ട്രിയയിലെ വിയനയിൽ ഖത്തർ സമയം വെള്ളിയാഴ്ച രാത്രി എട്ടിന് മത്സരത്തിന് കിക്കോഫ് കുറിക്കും. സെപ്റ്റംബർ 27ന് കരുത്തരായ ചിലിക്കെതിയും ഖത്തർ സന്നാഹമത്സരം കളിക്കുന്നുണ്ട്. സ്പെയിനിലും ഓസ്ട്രിയയിലുമായി 38 അംഗ സംഘവുമായി ലോകകപ്പിനുള്ള തയാറെടുപ്പിലായിരുന്നു ഖത്തർ.

കളിയും പരിശീലനവുമായി വിശ്വമേളയിലേക്ക് ഒരുങ്ങുന്നവർ മൂന്നു ദിവസം മുമ്പ് ക്രൊയേഷ്യ യൂത്ത് ടീമിനെതിരെ കളിച്ചിരുന്നു. മത്സരത്തിൽ 3-0ത്തിന് ക്രൊയേഷ്യൻ സംഘം ജയിച്ചു. 1986നുശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയവരാണ് കാനഡ. പതിറ്റാണ്ടുകൾക്കുശേഷം, തങ്ങളുടെ ഏറ്റവും മികച്ച ഫുട്ബാൾ തലമുറയുമായി ലോകകപ്പിനൊരുങ്ങുന്ന കാനഡ മാസങ്ങളുടെ ഇടവേളക്കു ശേഷമാണ് രാജ്യാന്തര സൗഹൃദ മത്സരത്തിനിറങ്ങുന്നത്.

യൂറോപ്യൻ ഫുട്ബാളിലെ ഒരുപിടി ശ്രദ്ധേയ താരങ്ങളുമായാണ് കാനഡ വരുന്നത്. ബയേൺ മ്യൂണിക്കിന്‍റെ പ്രതിരോധതാരം അൽഫോൺസോ ഡേവിഡ്, ഫ്രഞ്ച് ക്ലബ് ലില്ലെയുടെ മുന്നേറ്റനിരക്കാരൻ ജൊനാഥൻ ഡേവിഡ്, ബെൽജിയൻ ക്ലബ് ബ്രൂഗിൽ കളിക്കുന്ന സിലെ ലാറിൻ എന്നിവരുമായാണ് ജോൺ ഹെർഡ്മാന്‍റെ പട ലോകകപ്പിനൊരുങ്ങുന്നത്. ഈ സംഘംതന്നെയാവും ഇന്ന് ഖത്തറിനെതിരെയും ബൂട്ടുകെട്ടുന്നത്.

27 അംഗ സംഘത്തെയാണ് കാനഡ സൗഹൃദമത്സരത്തിനായി പ്രഖ്യാപിച്ചത്. അൽ മുഈസ് അലി, അക്രം അഫിഫി, ഹുമാം അഹമ്മദ് എന്നിവർ ഖത്തറിനായും ബൂട്ടുകെട്ടും. ചിലിക്കെതിരായ മത്സരം കഴിഞ്ഞ് ദേശീയ ടീം ഖത്തറിൽ തിരിച്ചെത്തും. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷമായിരിക്കും വീണ്ടും പരിശീലനം ആരംഭിക്കുന്നത്.

Share this story