മെട്രോപൊളിറ്റൻ മ്യൂസിയവുമായി സഹകരിച്ച് ഖത്തർ മ്യൂസിയം

google news
uun

ദോഹ: പൗരാണികതയുടെ വൻ ശേഖരവുമായി ലോകപ്രശസ്തമായ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയവുമായി സഹകരണം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം.

രാജ്യാന്തര തലത്തിൽ അമൂല്യമായ ശേഖരവുമായി ശ്രദ്ധേയമായ മെട്രോപൊളിറ്റൻ മ്യൂസിയവുമായി പ്രദർശനം, പരിപാടികൾ എന്നിവയിൽ പരസ്പര സഹകരിക്കാനാണ് തീരുമാനം. മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ നവീകരിച്ച ഇസ്ലാമിക കലാവിഭാഗം ഗാലറിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ മ്യൂസിയം അമൂല്യമായ സമ്മാനങ്ങൾ നൽകിയിരുന്നു. ഖത്തറിന്‍റെ പിന്തുണക്കുള്ള അംഗീകാരമായി ദി മെറ്റ് (െമേട്രാപൊളിറ്റൻ മ്യൂസിയത്തിന്‍റെ വിളിപ്പേര്) ഉമയ്യ, അബ്ബാസിയ ഭരണകാലത്തെ കലാ സൃഷ്ടികളുടെ ശേഖരത്തിന് ഖത്തർ ഗാലറി എന്ന് നാമകരണം ചെയ്തു.

ഇരു മ്യൂസിയങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായി ദി മെറ്റിലേക്ക് ഖത്തർ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽനിന്നുള്ള പ്രസിദ്ധമായ മധ്യകാലത്തെ ജറൂസലം, ഡെക്കാൻ ഇന്ത്യയിലെ സുൽത്താന്മാർ, 1500–1700: ഐശ്വര്യവും ഫാൻറസിയും, സൽജൂക്കുകളുടെ മഹത്തായ കാലഘട്ടം തുടങ്ങിയ വിഭാഗങ്ങളിലെ അമൂല്യമായ ശേഖരങ്ങൾ പ്രദർശനത്തിനായി നൽകിയിരുന്നു.

അതോടൊപ്പം ദി മെറ്റിൽ നിന്നുള്ള ശേഖരങ്ങൾ ഒക്ടോബർ 26 മുതൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലെ പ്രത്യേക പ്രദർശനത്തിലുണ്ടാകും.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം മ്യൂസിയം സന്ദർശിച്ചു.

ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.

ദി മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിൽ ഖത്തർ ഗാലറി സ്ഥാപിച്ചത് രണ്ട് വലിയ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളതയാണ് പ്രകടമാക്കുന്നതെന്ന് ശൈഖ മയാസ പറഞ്ഞു.

മെട്രോപൊളിറ്റൻ മ്യൂസിയവുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ശൈഖ അൽ മയാസ ആൽഥാനി കൂട്ടിച്ചേർത്തു.

Tags