റോഡുകൾ ഗതാഗതയോഗ്യമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു : ഒമാൻ പൊലീസ്

google news
 Oman Police

ഒമാൻ: മഴയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പലയിടങ്ങളിലും ഗതാഗതം സാധാരണനിലയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ വാദികൾ കുത്തിയൊലിച്ചതിനെ തുടർന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി, റുസ്താഖ്, ദാഹിറ ഗവർണറേറ്റിലെ ഇബ്രി, യൻകൽ, ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, അൽ ഹംറ, ബഹ്ല എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.

വാദികൾ കടന്നുപോകുന്നിടത്തെ റോഡുകൾക്കും വീടുകൾക്കുമാണ് തകരാറുകൾ സംഭവിച്ചത്. റുസ്താഖിൽ നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് അധികൃതർ പറയുന്നത്. വൈദ്യുതിയും ജലവിതരണവും പലയിടങ്ങളിലും തടസ്സപ്പെട്ടിരുന്നു. വൈദ്യുതി വിതരണം മിക്കയിടങ്ങളിലും പുനഃസ്ഥാപിക്കാനായെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ പറഞ്ഞു.

അൽഹജർ പർവത പ്രദേശങ്ങളിൽ അൽ വുസ്തയിലെയും ദോഫാറിലെയും മരുഭൂ പ്രദേശങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. നഖലിൽ നിന്ന് അൽ അവാബിയിലേക്കുള്ള റോഡിൽ അൽ ഹാഷിയ പ്രദേശത്തുള്ള പാലം തകരാറിലാണെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും ഗതാഗത, വാർത്താവിനിമയ, ഐ.ടി മന്ത്രാലയം അറിയിച്ചു.

Tags