നാലുപേർ മുങ്ങിമരിച്ച നജ്​റാൻ അപകടങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ ഉത്തരവ്
death

റിയാദ്​: മൂന്ന്​ കുട്ടികളും ഒരു യുവാവും വെള്ളക്കെട്ടുകളിൽ മുങ്ങിമരിക്കാനിടയായ സംഭവങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ നജ്​റാൻ ഗവർണറുടെ ഉത്തരവ്​. നജ്​റാ​ന്‍റെ തെക്കുഭാഗത്തെ താർ, ഹബോണ എന്നീ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ചയുണ്ടായ രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിലാണ്​ നാലുപേരുടെ ജീവൻ പൊലിഞ്ഞത്​.

ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ്​ ബിൻ മുസാഈദ്​ ആണ്​ ദാരുണമായ സംഭവങ്ങളെ കുറിച്ച്​ പൊലീസ്​ അന്വേഷണം നടത്താൻ ഉത്തരവിട്ടത്​. മുങ്ങിമരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം ആരാഞ്ഞു.

താർ ഗവർണറേറ്റിലെ അൽറഹ്​ബ വില്ലേജിൽ മൂന്നു കൂട്ടികൾ ഒരു ചതുപ്പിൽ നീന്തുന്നതിനിടെയാണ്​ മുങ്ങിത്താഴ്​ന്നത്​. മൂന്നുപേരും മരിച്ചതായും എല്ലാവരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തതായും സിവിൽ ഡിഫൻസ്​ ട്വീറ്റ്​ ചെയ്​തു. ഹബോണ ഗവർണറേറ്റിലെ വാദി അർകാൻ വെള്ളക്കെട്ടിലാണ്​ യുവാവ്​ മുങ്ങിമരിച്ചത്​. മരിച്ചവരുടെ കുടുംബാംഗങ്ങളെ അമീർ ജലവി അനുശോചനം അറിയിച്ചു.

നജ്‌റാൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയും കനത്ത മഴയും സംബന്ധിച്ച് സിവിൽ ഡിഫൻസിന്റെ നിർദേശങ്ങളും മുന്നറിയിപ്പുകളും ​പ്രദേശവാസികൾ കർശനമായി പാലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Share this story