കുവൈത്തിൽ പുതിയ അധ്യയന വർഷത്തിൽ ഫീസ് വർധന പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

google news
school duabi

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ അധ്യയനവർഷത്തിൽ ഫീസ് വർധന പാടില്ലെന്ന് സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം മുന്നറിയിപ്പ് നൽകി. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സ്‌കൂളിൽ നിന്ന് വാങ്ങാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും കർശന നിർദേശമുണ്ട്. നിർദേശം അവഗണിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

2021 ലെ മിനിസ്റ്റീരിയൽ തീരുമാനപ്രകാരം നിശ്ചയിച്ച ഫീസ് നിരക്ക് തന്നെ പിന്തുടരണമെന്നാണ് സ്വകാര്യ സ്‌കൂളുകൾക്കുള്ള നിർദേശം. വിദ്യാഭ്യാസമന്ത്രാലയം അംഗീകരിച്ച ഫീസ് ഘടനയും, ഫീസ് അടക്കേണ്ട തിയ്യതികളും ഉൾപ്പെടെ വിശദമായ പട്ടിക സ്‌കൂളുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി അമിത ഫീസ് ഈടാക്കിയാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സ്‌കൂളിലെ ഓരോ വിദ്യാർഥിക്കും നൽകേണ്ട ട്യൂഷൻ ഫീസ്, പെയ്മെന്റുകൾ അടയ്ക്കുന്നതിനുള്ള സംവിധാനം, അവയുടെ മൂല്യം, നിശ്ചിത തിയ്യതികൾ എന്നിവ വ്യക്തമാക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് ലിസ്റ്റ് ഉണ്ടായിരിക്കണം. 2022-2023 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ്, വിദ്യാർഥിയുടെ ട്യൂഷൻ ഫീസിൽനിന്ന് കിഴിക്കണം. പാകിസ്താൻ, ഇന്ത്യൻ, ഫിലിപ്പിനോ പാഠ്യപദ്ധതിയുള്ള സ്‌കൂളുകൾക്ക് 50 ദിനാറും സാധാരണ അറബ് സ്‌കൂളുകളിലും മറ്റ് വിദേശ സ്‌കൂളുകളിലും 100 ദിനാറും ആണ് രജിസ്‌ട്രേഷൻ ഫീസ്.

മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകൾ അംഗീകൃത ട്യൂഷൻ ഫീസ് ഒഴികെയുള്ള ഫീസോ മറ്റ് ചെലവുകളോ ഈടാക്കരുത്. സ്‌കൂളിൽനിന്ന് പാഠപുസ്തകങ്ങളോ സ്‌കൂൾ യൂണിഫോമുകളോ വാങ്ങാനോ, ഇലക്ട്രോണിക് സേവനങ്ങൾ അല്ലെങ്കിൽ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനോ വിദ്യാർഥികളെ നിർബന്ധിക്കരുത്. പെയ്മെന്റുകളുടെ നിശ്ചിത തിയ്യതിയോ, നമ്പറോ, മൂല്യമോ പരിഷ്‌ക്കരിക്കരുതെന്നും വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Tags