
ദോഹ: ഖത്തറിൽ ആഡംബര നൗകകൾക്ക് പ്രിയമേറുന്നു. പൗരന്മാരും താമസക്കാരുമുൾപ്പെടെയുള്ളവരിൽ നിരവധി പേരാണ് അവധിക്കാലം ചെലവഴിക്കാനായി ആഡംബര നൗകകൾ തെരഞ്ഞെടുക്കുന്നതെന്ന് ഖത്തറിലെ ലക്ഷ്വറി ടൂറിസം ഏജൻസിയായ ഔട്ടിങ് ഖത്തർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുസ്അദ് മുസ്തഫ എലൈവ പറഞ്ഞു. 500 കിലോമീറ്ററോളം കടൽത്തീരമുള്ള ഖത്തറിൽ ആഡംബര നൗകകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളേക്കാൾ ഈ വേനലിൽ ആഡംബര ബോട്ടുകൾക്കായി ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. കടുത്ത വേനലിൽ ആളുകൾക്ക് കടലിൽ പോകാനാണ് പ്രിയമെന്നും കുടുംബങ്ങളും സൗഹൃദക്കൂട്ടായ്മകളും സന്ദർശകരായെത്തിയ വിനോദസഞ്ചാരികളും ഇതിലുൾപ്പെടുന്നുവെന്നും മുസ്അദ് എലൈവ കൂട്ടിച്ചേർത്തു. ആഡംബര നൗകകൾക്കു പുറമെ, വാട്ടർ സ്പോർട്സ്, ബാർബിക്യൂ പാർട്ടി, അർധരാത്രിവരെയുള്ള വിനോദ പരിപാടി എന്നിവക്കും ആവശ്യക്കാർ കൂടി. ഖത്തറിനകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടൂറിസംമേഖല ഏറെ വളർച്ച കൈവരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
ഈ വർഷം അവസാനത്തോടെ വിപുലീകരണ പ്രവൃത്തികൾ പൂർത്തിയായി ദോഹ പോർട്ട് ഗ്രാൻഡ് ടെർമിനൽ തുറന്നുകൊടുക്കുന്നതോടെ ക്രൂയിസ്, സൂപ്പർയാച്ച് ടൂറിസം മേഖല കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 12000ത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ടെർമിനലിനാകും. ആഡംബര ബോട്ടുകൾക്കുപുറമേ, ഖത്തറിൽ ഹെലികോപ്റ്റർ ടൂർ, ആഡംബര കാറുകൾ എന്നിവക്കായുള്ള ആവശ്യക്കാരും വർധിച്ചിട്ടുണ്ടെന്ന് ഔട്ടിങ് ഖത്തർ സ്ഥാപകൻ വ്യക്തമാക്കി. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയെയും വൈവിധ്യവത്കരണത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.