വിദ്യാഭ്യാസ പുരോഗതി പ്രധാനലക്ഷ്യം : കുവൈറ്റ് പ്രധാനമന്ത്രി
Kuwait

കുവൈത്ത് സിറ്റി: രാജ്യത്തിനകത്ത് എന്നപോലെ ലോകമെമ്പാടും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും മാറ്റങ്ങൾ കൊണ്ടുവരുന്നതിലും കുവൈത്ത് ശ്രദ്ധചെലുത്തുന്നതായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ വിദ്യാഭ്യാസ പരിവർത്തന ഉച്ചകോടിയിൽ അമീറിന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രവും തുല്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും, മുഴുവൻ പേർക്കും ആജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ലോകമെമ്പാടും ഡിജിറ്റൽ പരിവർത്തനത്തിന്റെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലും നിക്ഷേപം നടത്തുന്നത് പരമപ്രധാനമാണെന്നും, ആഗോള പങ്കാളിത്തത്തിലൂടെ ഇതെല്ലാം നേടാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. '2035-ലെ പുതിയ കുവൈത്ത്' എന്ന വികസന കാഴ്ചപ്പാടിൽ കുവൈത്ത് യാത്ര തുടരുകയാണ്. യുവാക്കളുടെ കഴിവുകൾ വളർത്തിയെടുക്കാൻ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സർക്കാർ, സ്വകാര്യ മേഖല, പൊതുജനങ്ങൾ എന്നിവയുടെ പിന്തുണയോടെ പുതിയ വിദ്യാഭ്യാസ രീതികളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിന് മുൻഗണന നൽകിയതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വികസനത്തിനായി ആഭ്യന്തര ചെലവിന്റെ 12 ശതമാനം നീക്കിവെക്കുമെന്നും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ മാനവ, സാമ്പത്തിക സ്രോതസ്സുകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ് (കെ.എഫ്‌.എ.ഇ.ഡി) വഴി ലോകമെമ്പാടുമുള്ള 108 രാജ്യങ്ങൾക്ക് രാജ്യം വികസന സഹായം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this story