ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്
Kuwait
ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ 17 ഞായറാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം കൂടിയായി കുവൈത്ത്.

Share this story