ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് കുവൈത്ത്

google news
jikk

ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തെയും അധിനിവേശ പ്രവർത്തനങ്ങളെയും അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്‌മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുലും വിളിച്ചുചേർത്ത അറബ് സമാധാന സമ്മേളനത്തിന്റെ ഇരുപതാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ വിഷയത്തിലെ നിലപാടിൽ മാറ്റമില്ല. അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ശാശ്വത സമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് കുവൈത്ത് ആഗ്രഹിക്കുന്നത്. ഫലസ്തീൻ കുവൈത്തിനെയും അറബ് മേഖലയെയും സംബന്ധിച്ചു ഇപ്പോഴും പ്രധാന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

യു.എസിന്റെ പങ്കാളിത്തത്തോടെ ഫലസ്തീൻ സമാധാനത്തിനായി രാജ്യത്തിന്റെ ശ്രമം തുടരുമെന്നും ശൈഖ് അഹമ്മദ് അൽ നാസർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെലും പരിപാടിയിൽ സംബന്ധിച്ചിരുന്നു.

Tags