കഅ്​ബയെ പുതിയ കിസ്‍വ അണിയിച്ചു

google news
 Kaaba

ജിദ്ദ: കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു. ശനിയാഴ്ച പുതിയ ഹിജ്റ വർഷ പുലരിയിലാണ് കിങ് അബ്ദുൽ അസീസ് കിസ്‍വ കോംപ്ലക്സിൽനിന്ന് പുതിയ കിസ്‍വ കൊണ്ടുവന്ന് കഅ്ബയെ അണിയിച്ചത്.

നാല് മണിക്കൂറോളം നീണ്ട അണിയിക്കൽ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം മുസ്ലിംലോകം വീക്ഷിച്ചു. ചടങ്ങിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മേൽനോട്ടം വഹിച്ചു. കിങ് അബ്ദുൽ അസീസ് കിസ്‍വ കോംപ്ലക്സിലെ വിദഗ്ധ സംഘമാണ് പഴയ കിസ്‍വ മാറ്റി പുതിയത് കഅ്ബയെ അണിയിച്ചത്. സാധാരണ ദുൽഹജ്ജ് ഒമ്പതിനാണ് പുതിയ കിസ്‍വ കഅ്ബയെ അണിയിക്കുന്നത്.

എന്നാൽ സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് ഈ വർഷം മുതൽ അത് ഹിജ്റ വർഷാരംഭമായ മുഹർറം ഒന്നിലേക്ക് മാറ്റുകയായിരുന്നു. ആധുനിക യന്ത്രങ്ങളിലൂടെയുള്ള കിസ്‍വയുടെ നെയ്ത്ത്, എംബ്രോയ്ഡറി ജോലി, ഒരുക്കൽ എന്നിവക്ക് ഇരുഹറം കാര്യാലയമാണ് മേൽനോട്ടം വഹിക്കുന്നത്. അതിന്‍റെ നിർമാണത്തിൽ സ്വദേശികളായ തൊഴിലാളികളും ജീവനക്കാരുമായി 220 പേർ പങ്കാളികളാണ്.

കഅ്ബയെ അണിയിച്ച 'ഏറ്റവും വിലകൂടിയ വസ്ത്രം' കറുത്ത ചായംപൂശിയ ശുദ്ധമായ പ്രകൃതിദത്ത പട്ട് കൊണ്ട് നിർമിച്ചതാണ്. പ്രവാചകൻ മുഹമ്മദ് നബിയും ശേഷം സ്വഹാബികളും ചെയ്തുപോന്ന ചടങ്ങിനെ പിന്തുടർന്നാണ് ഒരോ വർഷവും കഅ്ബയെ പുതിയ കിസ്‍വ അണിയിക്കുന്ന്. ഖുർആൻ സൂക്തങ്ങളും ഇസ്ലാമിക കലാവേലകളും കൊണ്ട് അലങ്കരിച്ചതാണ് കിസ്‍വ.

സ്വർണം, വെള്ളി നൂലുകൾ കൊണ്ട് അലങ്കരിച്ച കിസ്‍വയുടെ ഉയരം 14 മീറ്ററാണ്. മുകൾ ഭാഗത്ത് 95 സെന്‍റിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റ് ഉണ്ട്. ഈ ബെൽറ്റിൽ ഇസ്ലാമിക കലാവേലയിൽ ചെയ്തെടുത്ത 16 കഷ്ണങ്ങളാണ് പുതപ്പിക്കുന്നത്. കിസ്‌വക്ക് നാല് പ്രധാന കഷ്ണങ്ങളാണുള്ളത്. ഓരോ കഷ്ണവും കഅ്ബയുടെ ഓരോ വശങ്ങളെ പുതപ്പിക്കാനുള്ളതാണ്. അഞ്ചാമതൊരു കഷ്ണം കഅബയുടെ വാതിലിലേക്കുള്ള വിരിയാണ്. എംബ്രോയിഡറിക്ക് സ്വർണം, വെള്ളി നൂലുകളാണ് ഉപയോഗിക്കുന്നത്. 120 കിലോഗ്രാം സ്വർണം, 100 കിലോഗ്രാം വെള്ളി, 850 കിലോഗ്രാം പട്ട് എന്നിവ കിസ്വയുടെ നിർമാണത്തിൽ ഉപയോഗിക്കുന്നതായാണ് കണക്ക്.

ഇരുഹറമിലെത്തുന്നവർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരമുയർത്താൻ ഭരണകൂടം അതീവ ശ്രദ്ധയാണ് കാണിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ലോകമുസ്ലിംകളിൽ കഅ്ബയുടെ സ്ഥാനവും പവിത്രതയും മനസ്സിലാക്കി അതിനെ പരിപാലിക്കുന്നതിനും അതിന്‍റെ കിസ്വ സംരക്ഷിക്കുകയും ഒരോ വർഷവും പുതിയ അണിയിക്കുന്നതിനും മുന്തിയ പരിഗണയും നൽകിവരുന്നതായും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
 

Tags