ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു

trdfghj

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു. തെക്കന്‍ ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സും തെക്കന്‍ ഗവര്‍ണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റും ചേര്‍ന്ന് സംയുക്ത പരിശോധന ക്യാമ്പയിന്‍ നടത്തി.

ക്യാമ്പയിനില്‍ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച നിരവധി സംഭവങ്ങള്‍ കണ്ടെത്തി. നിയമലംഘകരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട് സ്ഥാപനങ്ങളെയാണ് പരിശോധനയില്‍ പിടികൂടിയതെന്ന് എല്‍എംആര്‍എ പ്രസ്താവനയില്‍ അറിയിച്ചു. ഇവയെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച  16 പ്രവാസി തൊഴിലാളികളെയും പിടികൂടി. തൊഴില്‍ പെര്‍മിറ്റ് ലംഘിച്ച പ്രവാസി ഗാര്‍ഹിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. 

തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

Share this story