ബോളിവുഡ് നടൻ ഷാരൂഖ് ഖാന്​ സൗദി അറേബ്യയുടെ ബഹുമതി

Shah Rukh Khan

ജിദ്ദ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്​ സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്രമേഖലക്ക്​ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ്​​ ബോളിവുഡി​െൻറ സ്വന്തം കിങ്​ ഖാനെ ചെങ്കടൽ തീരത്ത്​ അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയിൽ ആദരിക്കാനൊരുങ്ങുന്നത്​. ഡിസംബർ ഒന്ന്​ മുതൽ 10 വരെ ജിദ്ദയിൽ​ രണ്ടാമത്​ റെഡ് സീ ഫിലിം ഫെസ്റ്റിവൽ നടക്കും​​.

അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന്​ റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു.ഇന്ത്യൻ സൂപ്പർസ്റ്റാർ ഷാറൂഖ്​ തുടക്കം മുതൽ ഇന്നുവരെ ആരാധകരുടെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്​. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആരാധിക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി 30 വർഷമായി ഷാരൂഖ് ഖാൻ തുടരുന്നു. ഈ ഡിസംബറിൽ സൂപ്പർ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.

61 രാജ്യങ്ങളിൽ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചർ ഫിലിമുകളും ഉൾപ്പെടെ 131 സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വളർന്നുവരുന്നവരും പരിചയസമ്പന്നരുമായ ഒരു കൂട്ടം പ്രതിഭകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമകളാണിവ.
 

Share this story