
ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ആര്‍എസ്എസിന്റെ ട്രേഡ് യൂണിയന് ഭാരതീയ മസ്ദൂര്‍ സംഘ്. 2014 മുതലുള്ള എട്ടുവര്‍ഷക്കാലം 1611 ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ ഖത്തറില്‍ മരിച്ചിട്ടുണ്ടെന്നാണ് ബിഎംഎസ് ആരോപിക്കുന്നത്. ഇതില്‍ ബിഎംഎസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇനിയും സ്ഥിതിഗതികള്‍ ഇതേസ്ഥിതിയില്‍ തുടരുകയാണെങ്കില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ദേശീയ, അന്തര്‍ദേശീയ വേദികളിലെല്ലാം വിഷയം ഉന്നയിക്കുമെന്നും ഇവര്‍ താക്കീത് നല്കി.
ഖത്തറില്‍ വച്ച മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ലഭിക്കുന്നതിനായി സ്വദേശത്തുള്ള അവരുടെ ബന്ധുക്കള്‍ നീണ്ട കാലം കാത്തിരിക്കേണ്ടി വരുന്നുവെന്നും ഭാരതീയ മസ്ദൂര്‍ സംഘ് കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് ഖത്തറില്‍ ഏറ്റവും ബുദ്ധിമുട്ടുന്നതെന്നും ബിഎംഎസ് ആരോപിച്ചു. വിശ്രമിക്കാനനുവദിക്കാതെ ഖത്തര്‍ കുടിയേറ്റ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നും പലരും ലൈംഗിക ചൂഷണത്തിന് പോലും ഇരയാകുന്നുണ്ടെന്നും ബിഎംഎസ് പറയുന്നു.
പ്രവാചക നിന്ദ വിവാദത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്കെതിരെ രംഗത്തുവന്നതോടെയാണ് പുതിയ ആരോപണം എന്നത് ശ്രദ്ധേയമാണ്.