അൽ ഐനിലെ പാർക്കിലെ ഊഞ്ഞാൽ പൊട്ടിവീണ സംഭവം; വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം ദിർഹം നഷ്ടപരിഹാരം

dirhams


അബുദാബി : അൽ ഐനിലെ പാർക്കിൽ കളിച്ചുകൊണ്ടിരിക്കെ വിദ്യാർഥിനിയുടെ തലയിൽ ഊഞ്ഞാൽ പൊട്ടിവീണ സംഭവത്തിൽ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകി. അൽഐൻ അപ്പീൽ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പാർക്ക് അധികൃതർ നഷ്ടപരിഹാരത്തുക കൈമാറിയത്.

സ്കൂളിൽനിന്ന് വിനോദയാത്രപോയ വിദ്യാർഥിനിക്ക് പൊതുപാർക്കിലെ ഊഞ്ഞാൽ പൊട്ടിവീണ് സാരമായി പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടി, മുഖം, കഴുത്ത് എന്നിവയ്ക്കാണ് കാര്യമായ പരിക്ക് സംഭവിച്ചത്. സംഭവത്തിനുത്തരവാദികളായ അൽഐൻ പൊതു പാർക്കിന്റെ ഭരണനേതൃത്വത്തിനും പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും വഹിക്കുന്ന അതോറിറ്റിക്കെതിരേയുമാണ് പെൺകുട്ടിയുടെ പിതാവ് കേസുകൊടുത്തത്. അപകടത്തെത്തുടർന്ന് കുട്ടിക്ക് തലവേദന, ഓർമക്കുറവ്, മാനസികാസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ആശുപത്രിരേഖകൾ പിതാവ് കോടതിമുമ്പാകെ സമർപ്പിക്കുകയും ചെയ്തിരുന്നു.
 

Share this story