യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസിക്ക് 11 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

court

അബുദാബി : യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസിക്ക് 50,000 ദിര്‍ഹം (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെട്ടിട നിര്‍മാണ രംഗത്ത് ജോലി ചെയ്‍തിരുന്ന ഏഷ്യക്കാരാനായ പ്രവാസിക്ക്, കണ്‍സ്‍ട്രക്ഷന്‍ കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കഴിഞ്ഞ ദിവസം അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. കേസില്‍ നേരത്തെ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി, അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

അല്‍ ഐനിലെ ഒരു കെട്ടിട നിര്‍മാണ സൈറ്റില്‍ ജോലി ചെയ്‍തിരുന്ന തൊഴിലാളി, നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും  ജോലിക്കിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. അപകടം കാരണം ശരീരത്തില്‍ പല ഭാഗത്തും പരിക്കുകള്‍ സംഭവിക്കുകയും പിന്നീട് സാധരണ നിലയില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്‍തു. ക്രച്ചസിന്റെ സഹായത്തോടെ മാത്രമേ അപകട ശേഷം നടക്കാന്‍ സാധിക്കുന്നുള്ളൂവെന്നും ഇയാള്‍ കോടതിയെ ബോധ്യപ്പെടുത്തി. ഓടുന്നതിനും സാധാരണ പോലെ ഇരിക്കുന്നതിനും പരിക്കുകള്‍ കാരണം പ്രയാസം നേരിട്ടു. 

കേസ് പരിഗണിച്ച ക്രിമിനല്‍ പ്രാഥമിക കോടതി അപകടത്തിന് നിര്‍മാണ കമ്പനി ഉത്തരവാദിയാണെന്ന് വിധിച്ചു. ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്‍ചയുണ്ടായെന്നും കമ്പനിയുടെ ഭാഗത്തു നിന്ന് പിഴവുകള്‍ സംഭവിച്ചെന്നും കോടതി വിധിച്ചതോടെ  അപകടം കാരണമായി തനിക്കുണ്ടായ സാമ്പത്തിക, ആരോഗ്യ നഷ്ടങ്ങള്‍ക്ക് പകരമായി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി, സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുകൂല വിധി ലഭിച്ചത്. പരിക്കേറ്റ പ്രവാസിക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും കണ്‍സ്‍ട്രക്ഷന്‍ കമ്പനി വഹിക്കണം.

Share this story