സിപിഐ എം സംസ്ഥാന നമ്മേളനം : ലോഗോ പ്രകാശനം ചെയ്തു

CPIM State Congress Logo released
CPIM State Congress Logo released

ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക - സാഹിത്യ നായകരും ഒരുമിച്ചാണു ലോഗോ പ്രകാശനം ചെയ്തത്.

കൊല്ലം : സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശിംഗനാട് ഒരുങ്ങി. അറബിക്കടലിൻ്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം നടന്നു.

ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക - സാഹിത്യ നായകരും ഒരുമിച്ചാണു ലോഗോ പ്രകാശനം ചെയ്തത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ എൻ ബാലഗോപാൽ, കവി കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരൻ അശോകൻ ചരുവിൽ, എമി എബ്രഹാം, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ് എന്നിവർ ചേർന്നാണു ലോഗോ പ്രകാശനം ചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ് എന്നിവർ സംബന്ധിച്ചു. ബി.തുളസീധര കുറുപ്പ് സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു.

ചടങ്ങിന് എസ്എൻ വനിതാ കോളേജിലെ വിദ്യാർഥികളുടെ 'കായൽ ബാൻഡിൻ്റെ' സംഗീത പരിപാടിയും പഞ്ചാരിമേളവും എസ്എൻ കോളേജ് വിദ്യാർഥി ആദർശ് ബാബുവിന്റെ തബല വാദനവും മിഴിവേകി. ബാലസംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ ബലൂൺ, പട്ടം പറത്തൽ എന്നിവയും ചടങ്ങിനു പകിട്ടേകി.

ഗ്രാഫിക് ഡിസൈനർ സൈനിൽ ആബിദ് ആണ് ലോഗോ രൂപകൽപന ചെയ്തത്. മാർച്ച് ആറു മുതൽ ഒമ്പതു വരെയാണു കൊല്ലം സിപിഐ എം സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്

Tags