ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന് സൂചന

google news
bjp
ഗോവയില്‍ പല ബിസിനസും നടത്തുന്നവരാണ് കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിഭാഗവും.
രാഷ്ട്രപതി തിരഞ്ഞടുപ്പ് അടുത്തിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. 40 അംഗ ഗോവന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുള്ളത്. ഇതില്‍ പത്ത് പേരും ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബി ജെ പി നേതൃത്വവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്. ഗോവയില്‍ പല ബിസിനസും നടത്തുന്നവരാണ് കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിഭാഗവും. ബി ജെ പിയുടെ ഭീഷണി മൂലമാണ് പാര്‍ട്ടി വിടുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് അംഗം പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്താവ് പ്രതികരിച്ചു. മിക്ക എം എല്‍ എമാര്‍ക്കും ഹോട്ടലുകളുണ്ട്. ഈ കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് കാട്ടി ബി ജെ പി അവര്‍ക്ക് നോട്ടീസുകള്‍ അയക്കുകയാണ്. മറ്റ് ബിസിനസുകളും ലക്ഷ്യം വെക്കുന്നു- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഉടന്‍ തന്നെ പാര്‍ട്ടി മാറാന്‍ ഇവര്‍ തയ്യാറാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് ബി ജെ പി നിര്‍ദേശം നല്‍കിയതായാണ് വിവരം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തുള്‍പ്പെടെ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.

Tags