ഇന്ത്യ കടന്നു പോകുന്നത് ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയെന്ന് എ.വിജയരാഘവൻ

A Vijayaraghavan said that India is going through the most d

കൽപ്പറ്റ:  സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ ഇന്ന് കടന്ന് പോകുന്നതെന്ന് സി.പി.എം.  പോളിറ്റ്  ബ്യൂറോ അംഗം എ. വിജയരാഘവൻ. മോദി സർക്കാർ  കോടീശ്വരൻമാരെ വളർത്തിയതിലൂടെ പാവപ്പെട്ടവരുടെ എണ്ണവും വർദ്ധിക്കുകയാണുണ്ടായതെന്ന് അദ്ദേഹം കൽപ്പറ്റയിൽ പറഞ്ഞു.

സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എ. മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവലതുപക്ഷ സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്നത്. വൻകിട മുതലാളിമാരുടെ കടം പത്ത് ലക്ഷം കോടി എഴുതി തള്ളിയപ്പോഴും വൻകിടക്കാർക്ക് നികുതി ഇളവ് കൊടുത്തപ്പോഴും കർഷകനെ പരിഗണിച്ചില്ല. രാജ്യത്തെ ആകെ സമ്പത്തിൻ്റെ 40 ശതമാനവും ശതകോടീശ്വരൻമാരിൽ കേന്ദ്രീകൃതമായപ്പോൾ പാവപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണന്ന് എ. വിജയരാഘവൻ പറഞ്ഞു. 

ഉത്തമ കമ്മ്യൂണിസ്റ്റായി മരണം വരെ ജീവിച്ചതുകൊണ്ട് അദ്ദേഹത്തിന് എല്ലാവരെയും ആകർഷിക്കാൻ കഴിഞ്ഞു.  ലളിത ജീവിതത്തിലൂടെ കമ്യൂണിസ്റ്റ് കാരൻ്റെ മാതൃക സമൂഹത്തിൽ ഉയർത്തി കാട്ടാനും കഴിഞ്ഞതിനാൽ മരണശേഷവും പാർട്ടിക്കാരും വയനാട്ടുകാരും എപ്പോഴും പി.എ. മുഹമ്മദിനെ ഓർക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ജില്ലാ സെക്രട്ടറി പി. ഗഗാറിൻ അധ്യക്ഷത വഹിച്ചു. ഒ. ആർ. കേളു എം.എൽ.എ., സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ , എ.എൻ.പ്രഭാകരൻ, കെ. റഫീഖ്, രുഗ്മണ്ടി സുബ്രമണ്യൻ, ബീന വിജയൻ ,വി.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.  അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ  നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ അണി നിരന്നു.
 

Share this story