വിദ്യാര്‍ഥി ഇത്തിക്കരയാറ്റില്‍ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാര്‍; ഒരാഴ്ചക്ക് ശേഷം മൃതദേഹം കണ്ടെത്തി

river-died
river-died

ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരൻ മരിച്ച നിലയില്‍ . കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലീസ് പറയുന്നു.

കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലീസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയില്‍ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി. പരവൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെടുത്തു.

പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ നിസാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിഥിന്‍ നളന്‍, ജയപ്രകാശ്, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
 

Tags