മുപ്പതു വർഷം നീണ്ട കിടപ്പുജീവിതം ; കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ ഓർമ്മയായി
കണ്ണൂർ:കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ ഓർമ്മയായി.മുപ്പതു വർഷം നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്ണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനിയാഴ്ച്ച വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഎം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ നൂറുകണക്കിനാളുകൾഇതിനകം മേനപ്രത്തെ വീട്ടിലെത്തിയിരുന്നു.
ബാലസംഘത്തിലൂടെയാണ് പുഷ്പൻ ഇടതു രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്തത്.
പരിയാരം മെഡിക്കൽ കോളേക് സ്വാശ്രയവൽകരിക്കുന്നതിനെതിരെ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തിയിരുന്നു.
ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭൗതിക ശരീരം കാണാന്‍ പൊതുദർശനത്തിന് വെച്ചതലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).