വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം ജനിച്ച മകൻ സ്കൂളിൽ പോയ സമയം ദമ്പതികൾ ജീവനൊടുക്കി
കോട്ടയം: വിവാഹം കഴിഞ്ഞ് 28 വർഷത്തിന് ശേഷം പിറന്ന ഏകമകൻ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട്ടിലാണ് 60 വയസുള്ള ഭർത്താവും 55 കാരിയായ ഭാര്യയേയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കണംകൊമ്പിൽ റോയി ഭാര്യ ജാൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകനും 3ാം ക്ലാസ് വിദ്യാർത്ഥിയുമായ 9 വയസുകാരൻ സ്കൂളിലായിരുന്ന സമയത്താണ് സംഭവം.
ഭാര്യ ജാൻസിയെ കൊന്ന് കണംകൊമ്പിൽ റോയി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിയ ബാധ്യതയെ തുടർന്നാണ് ദമ്പതികളുടെ കടുംകൈ എന്നാണ് സംഭവത്തേക്കുറിച്ച് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനകത്ത് മരിച്ച നിലയിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. റോയിയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും ജാൻസിയുടെ മൃതദേഹം മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ജാൻസിയെ കൊലപ്പെടുത്തിയതിനു ശേഷം റോയ് തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിൻ്റെ നിഗമനം.