പുഴയിലേക്ക് കാൽ വഴുതി വീണ് കല്യാൺ രൂപതയിലെ മലയാളി വൈദിക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മുംബൈ|: കല്യാൺ രൂപതയിലെ വൈദിക വിദ്യാർത്ഥിയായിരുന്ന ബ്രദർ നോയൽ ഫെലിക്സ് തെക്കേക്കരക്ക് ദാരുണാന്ത്യം. 29 വയസ്സായിരുന്നു. സവാന്തവാടി എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തൊട്ടടുത്ത നദിയിലെ ജലനിരപ്പ് പരിശോധിക്കാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പാലത്തിന്റെ മുകളിൽ നിൽക്കുമ്പോൾ കൈയ്യിലിരുന്ന കുട കാറ്റിന്റെ ശക്തിയിൽ പെടുകയും തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയുമായിരുന്നു. മഴയുടെ ശക്തിയിൽ നല്ല ഒഴുക്കുള്ള സമയമായിരുന്നു.
സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിന്റെ മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടപടികൾക്ക് ശേഷം ഭൗതിക ശരീരം മുംബൈയിലെത്തിക്കും. ശവ സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ നടക്കും. രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ നിന്നും ശുശൂഷ ആരംഭിക്കും. 11 മണിക്ക് കല്യാൺ രൂപതാ അധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ശവസംസ്കാര കർമങ്ങൾ നെരൂൾ ലിറ്റിൽ ഫ്ളവർ ഫോറോനാ പള്ളിയിൽ നടക്കും.
ചങ്ങനാശ്ശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തിൽ ഫെലിക്സ് വർഗീസ്-ഷീബ ഫെലിക്സ് ദമ്പതികളുടെ മകനാണ് നോയൽ. സഹോദരി: നാൻസി. കഴിഞ്ഞ 35 വർഷത്തോളമായി മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ഫെലിക്സ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. മൾട്ടി നാഷണൽ കമ്പനിയിലെ ജോലി രാജിവെച്ചാണ് കല്യാൺ രൂപതയുടെ സെമിനാരിയിൽ വൈദിക പഠനത്തിനായി ബ്രദർ നോയൽ ചേരുന്നത്.