കണ്ണൂരിൽ അപകടത്തിൽപെട്ട വിദ്യാര്‍ത്ഥി അടിയന്തിര ചികിത്സ കിട്ടാതെ മരിച്ചത് റോഡിലെ തർക്കത്തിനിടെയെന്ന് പരാതി; കെ.എസ്.ആർ.ടിസി ജീവനക്കാരുടെ ധിക്കാരം ജീവനെടുത്തു

akash , accident , death , kannur
akash , accident , death , kannur

കാല്‍ മണിക്കൂറോളമാണ് വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നത്.

വളപട്ടണം : ബസ് ജീവനക്കാരുടെയും നാട്ടുകാരുടെ തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ ലഭ്യമാകാതെ ജീവന്‍ നഷ്ടമായത് പോളിടെക്നിക്ക് കോളേജ് വിദ്യാര്‍ത്ഥിക്ക്. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് വ്യാഴാഴ്ച രാവിലെ  അപകടത്തില്‍ മരിച്ചത്. കാല്‍ മണിക്കൂറോളമാണ് വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നത്.

ആകാശ് വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം. സ്കൂട്ടർ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് വൈകിയത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. കാല്‍മണിക്കൂറോളം തര്‍ക്കം നീണ്ടു. ഇതിന് ശേഷമാണ് ആകാശിനെ ആശുപത്രിയിലെത്തിച്ചത്. 

അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. നേരത്തെ പിതാവ് മരിച്ച ആകാശ് അമ്മയുടെ ഏക മകനായിരുന്നു

Tags