അഡ്വ.എം.വി ഹരീന്ദ്രൻ നിര്യാതനായി
advtmvhareendran

കണ്ണൂർ : കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം വി   ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എ കെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരിച്ചത്.

സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്. മൃതദേഹം ഞായർ രാവിലെ 10 മുതൽ ചാലാട് എരിഞ്ഞാറ്റുവയലിലെ വീട്ടിലും പകൽ 3 ന് കണ്ണൂർ കോടതി കോമ്പൗണ്ടിലും പൊതു ദർശനത്തിന് വെക്കും. ദേശാഭിമാനി ബാലസംഘത്തിന്റെ പ്രവർത്തകനായിട്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.

കണ്ണൂർ എസ് എൻ കോളേജിലും കോഴിക്കോട് ഗവ. ലോ കോളേജിലും എസ്എഫ്ഐ യുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഐ എം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്നു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ കുമാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: അഡ്വ. പ്രീത കുമാരി (മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ : ഡോ. ഹിത (റിയാദ്), ഹരിത (മൂന്നാം വർഷ എൽ എൽ ബി വിദ്യാർഥി , പാലയാട് ക്യാമ്പസ് ) . മരുമകൻ : മിഥുൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ , റിയാദ്). സഹോദരങ്ങൾ: രവീന്ദ്രൻ , അശോകൻ , കമല, പ്രസീത പരേതരായ രമ, രതി.

Share this story