നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

niyas jeep
niyas jeep

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ വാഹനം കൈമാറി. 

നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കള്ളാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് തകർന്നതോടെ വലിയ മാനസിക പ്രയാസത്തിൽ ആയിരുന്നു ഇദ്ദേഹം. 

niyas jeep

പൂർണ്ണമായും തകർന്ന നിയാസിന്റെ വാഹനം ഇപ്പോഴും മുണ്ടക്കൈയിൽ കിടപ്പുണ്ട്. വാഹനത്തിന് അരികിൽ പ്രയാസപ്പെട്ട് നിൽക്കുന്ന നിയാസിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാഹുൽ മാങ്കോട്ടത്തിൽ ജീപ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നത്. ഫോർ വീലർ സൗകര്യമുള്ള സെക്കൻഡ് ഹാൻഡ് വാഹനം മതിയെന്നായിരുന്നു നിയാസിന്റെ ആവശ്യം. തുടർന്നാണ് മോഹ വില നൽകി നിയാസ് ആവശ്യപ്പെട്ട വാഹനം തന്നെ യൂത്ത് കോൺഗ്രസ് ലഭ്യമാക്കിയത്. 

ജീപ്പ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നിയാസ് പ്രതികരിച്ചു. വാഹനം കൈമാറുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.