രാഹുല്‍ഗാന്ധി എം പി ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും:കല്‍പ്പറ്റയില്‍ റോഡ്‌ഷോയിൽ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും

google news
wayanad Rahul Gandhi MP will submit nomination papers on Wednesday

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി നാളെ ഉച്ചക്ക് 12 മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്‌ഷോ നടക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ അണിനിരക്കുക.  

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയുടെ ഭാഗമാവും. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി അവിടെ നിന്നും റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും.

തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ രേണുരാജിന് രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി അനില്‍കുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി പി ചെറിയ മുഹമ്മദ്, ട്രഷറര്‍ എന്‍ ഡി അപ്പച്ചന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. സിദ്ധിഖ് എം എല്‍ എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്‍, ജോസഫ് കളപ്പുര, അഡ്വ. പി ഡി സജി, ബിനുതോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags