വയനാടിന് അഭിമാനമായി കാര്‍ഷിക പുരസ്‌കാരങ്ങള്‍: അനുപമ കൃഷ്ണന്‍ മികച്ച കൃഷി ഓഫീസർ
വയനാട്: കാര്‍ഷിക വയനാടിന് അഭിമാനമായി ഏഴ് സംസ്ഥാനതല കാര്‍ഷിക പുരസ്‌കാരങ്ങള്‍ ജില്ലയെ തേടിയെത്തി. വിവിധ മേഖലകളിലെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉയര്‍ന്ന അംഗീകാരങ്ങളാണ് വയനാടിനും സ്വന്തമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറായി നെന്മേനി കൃഷി ഓഫീസര്‍ അനുപമ കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി.വി.രാഘവന്‍ മെമ്മോറിയല്‍ അവാര്‍ഡ് മീനങ്ങാടി കൃഷിഭവന്‍ സ്വന്തമാക്കി.
അഞ്ചുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയനാടിന്റെ വനഗ്രാമം ചേകാടി ഊരിനാണ് ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസകാരം. മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കുള്ള പുരസ്‌കാരം മീനങ്ങാടി പരന്താണിയില്‍ പി.ജെ.ജോണ്‍സണ്‍ നേടി. തൃശ്ശിലേരിയില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി അഗ്രി പ്രൊഡ്യൂസേഴ്‌സ് കമ്പനിക്കാണ് മികച്ച എഫ്.പി.ഒ, എഫ്.പി.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.
കാര്‍ഷിക മേഖലയിലെ മികച്ച സ്‌പെഷ്യല്‍ സ്‌കൂളിനുളള പുരസ്‌കാരം തൃശ്ശിലേരിയിലെ ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍ നേടി. സംസ്ഥാനത്തെ പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിളസംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന ഊരിനുള്ള പുരസ്‌കാരവും നെല്ലറച്ചാലിലെ നെല്ലാറ പട്ടികവര്‍ഗ്ഗ കര്‍ഷക സംഘത്തിന് ലഭിച്ചു.
രണ്ട് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. കര്‍ഷകരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ലക്ഷ്യ പ്രാപ്തിയാണ് ഈ അംഗീകാരം. പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അതിജീവനത്തിന് ഈ അംഗീകാരങ്ങള്‍ പ്രചോദനമാകുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ് പറഞ്ഞു.