പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാരുടെ വയനാട് ജില്ലാതല സംഗമം സ്നേഹാർദ്ര സംഗമം ആയി മാറി

ssss

കൽപ്പറ്റ: തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ & പാലിയേറ്റീവ് പദ്ധതിയിൽ വളണ്ടിയർമാരായി സേവനമനുഷ്ഠിച്ചുവരുന്നവരുടെ ജില്ലാതല സംഗമം, സ്നേഹാർദ്രം 2024 എന്ന പേരിൽ കൽപ്പറ്റ എസ് കെ എം ജെ ജൂബിലി ഹാളിൽ വച്ച് നടന്നു. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി. നീലഗിരി കോളേജ് മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസാലി മുഖ്യാതിഥിയായി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുത്തു. സാന്ത്വന പരിചരണ രംഗത്തെ വെല്ലുവിളികളും പുതിയ സാധ്യതകളെ സംബന്ധിച്ചും യോഗം ഗൗരവമായി ചർച്ച ചെയ്തു. ഓരോ കിടപ്പ് രോഗിക്കും ഓരോ വളണ്ടിയർ എന്ന പുതിയ കാലത്തെ ആവശ്യകത നടപ്പിലാക്കുന്നതിന് പാലിയേറ്റീവ് പരിചരണ സംവിധാനങ്ങൾ വിപുലപ്പെടുത്തും. നിലവിലുള്ള യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം നിലവിലില്ലാത്തതോ നിർജീവമായതോ ആയ യൂണിറ്റുകളിൽ ജനകീയമായി പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനക്ഷമമാക്കും. ഈ മേഖലയിലേക്ക് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡോ. ദാഹർ മുഹമ്മദ്, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ പി സ്മിത, പീസ് വില്ലേജ് മാനേജർ ഹാരിസ് അരിക്കുളം, ജില്ലാ സെക്രട്ടറി ഷമീം പാറക്കണ്ടി, വനിതാ വിംഗ് പ്രസിഡണ്ട് ബി ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വേലായുധൻ സ്വാഗതവും ട്രഷറർ മനോജ് പനമരം നന്ദിയും പറഞ്ഞു. 

ജില്ലാ ഭാരവാഹികളായ പി ചിത്രകുമാർ, നാസർ പുൽപ്പള്ളി, അനിൽ കൽപ്പറ്റ, പി വി പ്രവീൺകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Tags