വയനാട് ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം

google news
വയനാട്  ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍   4533 കോടിയുടെ വായ്പാ വിതരണം

വയനാട് : സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍  4533  കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി  ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ  2023 - 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 1574 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 4089 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ ഡിവിഷണല്‍ മാനേജര്‍  പി കെ അനില്‍കുമാര്‍ അറിയിച്ചു. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 10098 കോടിയായി വര്‍ധിച്ചു. നിക്ഷേപം 8478 കോടിയാണ്.

സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും അംഗമാകുന്ന ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുരക്ഷ 2023 ന്റെ അവലോകനവും ഡെപ്യൂട്ടി കളക്ടര്‍ നിര്‍വഹിച്ചു. വയനാട് ജില്ലയുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് നബാര്‍ഡ് തയ്യാറാക്കിയ പൊട്ടെണ്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനം ഡെപ്യൂട്ടി കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍, നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ യോഗ്യരായ മുഴുവന്‍ ആളുകളെയും സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ചേര്‍ക്കും. നിലവില്‍ ജില്ലയിലെ 21 പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റി, കല്‍പ്പറ്റ ഡിവിഷനിലെ 18 ഓളം ഡിവിഷനുകളും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 13 ഓളം ഡിവിഷനുകളും ഈ പദ്ധതി പൂര്‍ത്തീകരിച്ചു . ആസ്പിറേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ജില്ലയുടെ മികവ് നിലനിര്‍ത്താന്‍ ബാങ്കുകളുടെ സഹകരണം ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടു. 7000 കോടി രൂപയുടെ വായ്പാ ലക്ഷ്യമാണ് ജില്ലയില്‍ ലീഡ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്.

വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ കെ രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ മുജീബ് , പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സി.എസ്. അജിത്കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍  സുരേന്ദ്രന്‍, കേരള ബാങ്ക് എ ജി എം  ദീപ എന്നിവര്‍ വായ്പ അവലോകനത്തിന് നേതൃത്വം നല്‍കി. വയനാട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍  ബിബിന്‍ മോഹന്‍ കണ്‍വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.

Tags