ഉപതെരഞ്ഞെടുപ്പിന് വയനാട് ജില്ലയൊരുങ്ങുന്നു;മണ്ഡലത്തില്‍ 1471742 വോട്ടര്‍മാര്‍

election
election


വയനാട് : ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പത്രസമ്മേളനത്തില്‍  അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും,  85 വയസ്സിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്‍മാരുമടങ്ങിയ 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ ഉതുവരെ സന്നദ്ധതയറിയിച്ചത്.

election

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുങ്ങുന്നത്. ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് നവംബര്‍ 5 ന് നടക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ എം.ഉഷാകുമാരി, എ.ഡി.എം.എം.ബിജുകുമാര്‍, സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നിവ യഥാക്രമത്തില്‍
മാനന്തവാടി,  100100, 102830, 202930
സുല്‍ത്താന്‍ബത്തേരി 110723, 116765, 227489
കല്‍പ്പറ്റ, 102573, 108183, 210760
തിരുവമ്പാടി, 91434, 93371, 184808
ഏറനാട് 93880, 91106, 184986
നിലമ്പൂര്‍ 110826, 115709, 226541
വണ്ടൂര്‍ 115508, 118720, 234228

1354 പോളിങ്ങ് സ്റ്റേഷനുകള്‍


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.


ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങള്‍


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.

എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
 
മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകള്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍  അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്‌മെന്റ് ബില്‍ഡിങ്ങിലുമാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ താല്‍ക്കാലിക കെട്ടിടത്തിലുമാണ് എണ്ണുക.

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.

ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം


ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ  അതിര്‍ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ്ങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍.സി.സി, എസ്.പി.സി  തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപ തെരഞ്ഞെടുപ്പ് പരിശോധന സംഘം ഇതിനകം ജില്ലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 95210 രൂപ വിലമതിക്കുന്ന  147.90 ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടികൂടി. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി.
 

വോട്ടുചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫീസ്,ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴില്‍ വകുപ്പ് നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എല്‍.എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/ പി.എസ്.യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

പോസ്റ്റല്‍ ബാലറ്റ് സൗകര്യം

85 വയസ്സ് മുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍പെടുന്ന  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ റയില്‍വെ,  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ,  ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് ,  ഹെല്‍ത്ത്  ഫാമിലി വെല്‍ഫെയര്‍,  സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ , ഫുഡ് & സിവില്‍ സപ്ലൈസ്, ബി.എസ്.എന്‍.എല്‍,  ഫയര്‍ സര്‍വ്വീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതേറിറ്റി ലെറ്ററുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ്  പോസ്റ്റല്‍ ബാലറ്റ് ഫോറം 12 ഡി സൗകര്യം.
 

Tags