വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പദ്ധിതികള്‍ക്ക് ലെന്‍സ്‌ഫെഡ് സൗജന്യ സാങ്കേതിക സഹായം നല്‍കും

Lensfed will provide free technical assistance to Wayanad disaster relief schemes
Lensfed will provide free technical assistance to Wayanad disaster relief schemes

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധിതികള്‍ക്ക് ആവശ്യമായ  സാങ്കേതിക സഹായം സൗജന്യമായി നല്‍കുമെന്ന് എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്).

 ദുരിത ബാധിതര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും വിഭാവനം ചെയ്തിട്ടുള്ള വിവിധ പുനരധിവാസ പദ്ധിതികളുടെ രൂപകല്‍പ്പനയും, മേല്‍നോട്ടവും മറ്റ് സാങ്കേതിക സഹായങ്ങളും ലെന്‍സ്‌ഫെഡ് സൗജന്യമായി ചെയ്തു കൊടുക്കും.

ഇതിന്റെ ഭാഗമായി ലെന്‍സ്‌ഫെഡ് സംസ്ഥാന സമിതി അംഗങ്ങളും ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളും ഉരുള്‍ തകര്‍ത്ത പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സംഘം ഈ മേഖലയിലെ  ദുരിത ബാധിതരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. 

തുടര്‍ന്ന് എംഎല്‍എ ടി സിദ്ധിഖ്, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി. വിശദമായ റിപ്പോര്‍ട്ട് ജിലാ കലക്ടര്‍ക്ക് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍, സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
 

Tags