വയനാട് കോഫി മേള മാര്‍ച്ചില്‍: കോഫി കപ്പിംഗ് മത്സരത്തിന് ജനുവരി 30 വരെ രജിസ്റ്റര്‍ ചെയ്യാം ​​​​​​​

google news
sd

കൽപ്പറ്റ: വയനാട് റോബസ്റ്റ  കാപ്പിയുടെ ബ്രാന്റിംഗിനും പ്രോത്സാഹനത്തിനുമായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യയും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ആദ്യമായി  നടത്തുന്ന കോഫി മേള 2024 മാര്‍ച്ചില്‍ നടക്കും. ഇതിന് മുന്നോടിയായി ക്വാളിറ്റി കാപ്പി കപ്പിംഗ് മത്സരം നടത്തും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ച കാപ്പിയിനങ്ങള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. പറിച്ചെടുക്കുന്ന കാപ്പി പൂപ്പല്‍ പിടിക്കാതെ ഉണക്കിയെടുത്തതാവണം.

ഉണക്കുന്ന കാപ്പിയില്‍ 11 ശതമാനം ഈര്‍പ്പം മാത്രമേ പാടുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ ആദ്യം ലഭിക്കുന്ന 500 സാമ്പിളുകള്‍ മാത്രമേ മേളയിലേക്ക് സ്വീകരിക്കുകയുള്ളൂ. ബാക്കി സാമ്പിളുകള്‍ കോഫി ബോര്‍ഡിന്റെ പിന്നീടുള്ള മേളകളില്‍ പരിഗണിക്കുന്നതായിരിക്കും. ലഭിക്കുന്ന സാമ്പിളുകള്‍ കോഫി ബോര്‍ഡ് റോസ്റ്റ് ചെയ്ത് കപ്പിംഗിന് വിധേയമാക്കി പ്രത്യേകം മാര്‍ക്ക് നല്‍കുന്നതാണ്. ഇതില്‍ നല്ല സ്‌കോര്‍ ലഭിക്കുന്നവരെ മാത്രമേ മത്സരത്തില്‍ ഫൈനലിസ്റ്റായി പ്രഖ്യാപിക്കുകയുള്ളൂ. അതില്‍ വിജയിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പാരിതോഷികവും നല്‍കും.


വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കോഫി ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വയനാട് റോബസ്റ്റ ക്വാളിറ്റി കപ്പിംഗ് മത്സരം കൂടാതെ മൂല്യവര്‍ദ്ധനം, ഷാംപൂ, സോപ്പ്, ഫേയ്‌സ്പാക്ക് , വൈന്‍, കാപ്പിത്തൊണ്ട് ഉല്‍പന്നങ്ങള്‍ തുടങ്ങിയ കോഫി ഉല്‍പന്നങ്ങള്‍,വിപണനം, പാക്കിംഗ്, ഉത്പാദനം, തോട്ടംമേഖലയിലെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളും കോഫി മേളയോടനുബന്ധിച്ച് ചര്‍ച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 944723 46 44.

Tags