റോഡ് അറ്റക്കുറ്റപ്പണി വൈകും: നിടുംപൊയില്‍- മാനന്തവാടി ചുരം റോഡിലുളള വാഹനഗതാഗത നിരോധനം തുടരും

Vehicular traffic ban on Nidumpoyil Mananthavadi pass road will continue
Vehicular traffic ban on Nidumpoyil Mananthavadi pass road will continue

 കണ്ണൂര്‍:  നിടുംപൊയില്‍- മാനന്തവാടി ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയില്‍ ചുരത്തില്‍ നാലാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോഡ് ഇടിഞ്ഞ് വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. 

ഇതോടെയാണ് ഗതാഗതം നിരോധിച്ചത്. 40 മീറ്ററിലധികം നീളത്തില്‍ മൂന്നടിയോളം റോഡ് താഴ്ന്നു. റോഡിന്റെ സംരക്ഷണ ഭിത്തി അടക്കമായിരുന്നു താഴ്ന്നത്. റോഡിന് കുറുകെയും വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

 പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (റോഡ് ഡിവിഷന്‍) എം ജഗദീഷ് അറിയിച്ചു.റോഡ് പ്രവൃത്തി നടത്തിയ ശേഷം നിടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും.

 ഇതോടെ കണ്ണൂര്‍  ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് പോകാന്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡാണ് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. കനത്ത മഴയില്‍ തകര്‍ന്ന നിടുംപൊയില്‍- മാനന്തവാടി ചുരം റോഡ് കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

Tags