ബഡ്‌സ് കലോത്സവം സമാപിച്ചു ; തിരുനെല്ലി ബഡ്‌സ് പാരഡൈസ് ചാമ്പ്യന്‍മാര്‍
വയനാട് : കുടുംബശ്രീ ജില്ലാമിഷന്റഎ ആഭിമുഖ്യത്തില്‍ വിഭിന്ന ശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച മിഴി ബഡ്‌സ് സ്‌കൂള്‍ കലോത്സവം സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്‌സ് സ്‌കൂളുകളില്‍ നിന്നുള്ള 200 ഓളം കൂട്ടികള്‍ 22 മത്സര ഇനങ്ങളിലായി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടന്‍പാട്ട് സംഘനൃത്തം തുടങ്ങിയ സ്‌റ്റേജിന മത്സരങ്ങള്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി. മത്സരത്തില്‍ 93 പോയിന്റ് നേടി തിരുനെല്ലി ബഡ്‌സ് പാരഡൈസ് ചാമ്പ്യന്‍മാരായി. ആറാം തവണയാണ് സ്ഥാപനം ചാമ്പ്യന്‍മാരാകുന്നത്.
40 പോയിന്റുമായി കല്‍പ്പറ്റ ബഡ്‌സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും 29 പോയിന്റ് നേടി നൂല്‍പ്പുഴ ചിമിഴ് ബി.ആര്‍.സി മൂന്നാം സ്ഥാനവും നേടി. തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌കൂളിലെ ശ്രീലക്ഷ്മി ജൂനിയര്‍ വിഭാഗത്തിലും അമയ അശോകന്‍ സീനിയര്‍ വിഭാഗത്തിലും കലാതിലകമായി. ജൂനിയര്‍ വിഭാഗത്തില്‍ ബഡ്‌സ് പാരഡൈസിലെ വി.ജെ അജു, സീനിയര്‍ വിഭാഗത്തില്‍ നൂല്‍പ്പുഴ ബി.ആര്‍.സിയിലെ ഹരികൃഷ്ണന്‍ എന്നിവര്‍ കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ ജനുവരിയില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ മത്സരിക്കും. വിജയികള്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ട്രോഫികള്‍ കൈമാറി.
കലോത്സവത്തിന്റെ സമാപന സമ്മേളനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എ.കെ അമീന്‍, വി.കെ റജീന, കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ് എന്നിവര്‍ സംസാരിച്ചു.