മാവിലാംതോടിൽ (വണ്ടിക്കടവ്) നിന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുമായി കെ.എസ്ആർ.ടി.സി
മേപ്പാടി/പുൽപള്ളി: മാവിലാംതോടിനടുത്തുള്ള വണ്ടിക്കടവിൽ നിന്നും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡിഎം വിംസ്) പുതിയ ബസ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഇതോടെ പുൽപ്പള്ളി പ്രദേശത്തുനിന്നും വരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഗമമാകും.
രാവിലെ 8.20 ന് വണ്ടിക്കടവിൽ നിന്നും യാത്ര പുറപ്പെട്ട് സീതാമൗണ്ട് - പുൽപ്പള്ളി വഴി 10 മണിക്ക് സുൽത്താൻബത്തേരിയിൽ എത്തി തുടർന്ന് 10.40 ന് കല്പറ്റയിൽ എത്തുകയും 11 മണിക്ക് അവിടെ നിന്നും പുറപ്പെട്ട് 11.25 ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരച്ചിരിക്കുന്നത്. ഇവിടെ നിന്നും ഈ ബസ്സിന്റെ മടക്കയാത്ര 12.30 നാണ്. ബസ്സിന്റെ കന്നിയാത്രയ്ക്ക് മെഡിക്കൽ കോളേജ് അധികൃതർ ഉജ്ജ്വല സ്വീകരണം നൽകി.
എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു. ഡീൻ. ഡോ ഗോപകുമാരൻ കർത്ത, ഡിജിഎം സൂപ്പി കല്ലങ്കോടൻ, ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ,സണ്ണി മാത്യു, ജോസഫ് കവളക്കാട്ട്, ഷിബി തമ്പാൻ പുൽപള്ളി, സലീം കെ ടി കല്പറ്റ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്.