എന്‍.ഡി.ആര്‍.എഫിന്റെ അതിവേഗ ഇടപെടലിന് തുണയായത് മീനങ്ങാടിയിലെ സാന്നിധ്യം

NDRF presence in Meenangadi helped speedy intervention
NDRF presence in Meenangadi helped speedy intervention

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ അതിവേഗത്തിലുള്ള ഇടപെടലിന് വഴി തെളിച്ചത് കാലവര്‍ഷക്കാലത്ത് മീനങ്ങാടിയിലുള്ള സ്ഥിരം സാന്നിധ്യം. ദുരന്തഭൂമിയില്‍ സംസ്ഥാന അഗ്‌നിരക്ഷാസേനയ്ക്കും പൊലീസിനും തൊട്ടുപിന്നാലെ മീനങ്ങാടിയില്‍ നിന്നും എന്‍.ഡി.ആര്‍.എഫ് സംഘവും കുതിച്ചെത്തി. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ദുരന്തം സംബന്ധിച്ച് സേനയ്ക്ക് വിവരം ലഭിച്ചത്. സേനയുടെ മുപ്പതംഗ സംഘമാണ് പുലര്‍ച്ചെ തന്നെ ചൂരല്‍മലയിലെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയ സംഘം ഉടനെ കര്‍മനിരതരായി.

നിരവധി പേരെ സുരക്ഷയിലേക്കെത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെയും സന്നാഹങ്ങളെയും ഇവിടേക്കെത്തിക്കാന്‍ ഇതിനിടെ സന്ദേശം കൈമാറി. കമാന്‍ഡന്റ് അഖിലേഷ് കുമാറിന്റെയും ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. കപിലിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ സേനാംഗങ്ങള്‍ ദുരന്തമേഖലയിലേക്കെത്തി.

ചെന്നൈ ആര്‍ക്കോണം, ബങ്കളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി എന്‍.ഡി.ആര്‍.എഫിന്റെ 126 സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. ഐ.ജി നരേന്ദ്ര സിംഗ് ബന്‍ഡുലെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 96 മൃതദേഹങ്ങള്‍ കണ്ടെടുത്ത സേന, 219 പേരെ രക്ഷപ്പെടുത്തി. വായു നിറക്കാവുന്ന ബോട്ടുകളും അത്യാധുനിക ഉപകരണങ്ങളുമടക്കമാണ് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയത്.

NDRF-presence-in-Meenangadi-helped-speedy-intervention.jpg

അതിതീവ്ര കാലവര്‍ഷം വിനാശം വിതയ്ക്കുന്ന രാജ്യത്തെ ജില്ലകളില്‍ എന്‍.ഡി.ആര്‍.എഫിനെ കരുതല്‍ ദുരന്ത നിവാരണ സേനയായി നിയോഗിക്കാറുണ്ട്. ഈ ഗണത്തില്‍ കേരളത്തില്‍ വയനാട് അടക്കമുള്ള ഒമ്പത് ജില്ലകളില്‍ ഇവര്‍ നേരത്തെ എത്തിയിരുന്നു. വിദ്യാലയങ്ങളിലും കൂട്ടായ്മകളിലുമൊക്കെ ദുരന്ത സ്വയം പ്രതിരോധ ക്ലാസ്സുകളും സേനയുടെ നേതൃത്വത്തില്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ ദുരന്തത്തിനിരയായ വെള്ളാര്‍മല സ്‌കൂളിലും എന്‍.ഡി.ആര്‍.എഫ് ഇത്തവണ ക്ലാസെടുത്തിരുന്നു.

2006-ല്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളിലുണ്ടായ സുനാമിയെ തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ആവിര്‍ഭാവം. ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും അതിവേഗത്തിലും ഫലപ്രദവുമായ ഇടപെടലാണ് സേനയുടെ രൂപീകരണ ലക്ഷ്യം. സംസ്ഥാനതലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. ശങ്കരപാണ്ഡ്യന്റെ നേതൃത്വത്തില്‍ എന്‍.ഡി.ആര്‍.എഫിന്റെ സാന്നിധ്യമുണ്ട്. വയനാട് കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിനും സേനയുടെ സഹായം ലഭിക്കുന്നുണ്ട്.
 

Tags