അതിജീവിതരെ പരിപാലിക്കേണ്ടത് സമൂഹത്തിന്റെ പൊതു ചുമതല: മന്ത്രി വി. ശിവന്‍കുട്ടി

It is the public duty of the society to take care of the elderly: Minister V. Shivankutty
It is the public duty of the society to take care of the elderly: Minister V. Shivankutty

വയനാട് :  ഉരുള്‍പ്പൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും  അധ്യാപകരുടേയും രക്ഷിതാക്കളുടേയും ചുമതലയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദുരന്ത ബാധിത മേഖലയിലെ വെള്ളാര്‍മല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടെക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ   അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന  മാനസികാരോഗ്യ പിന്തുണാ  പരിശീലന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ദുരന്ത ബാധിതരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും കുട്ടികളുടെ പ്രതികരണങ്ങള്‍ മനസിലാക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനും അധ്യാപകരെയും രക്ഷിതാക്കളെയും ശാക്തീകരിക്കുന്നത് പ്രധാനമാണ്. പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്ന് വിദ്യാലയ മുന്നൊരുക്ക പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു വലിയ ദുരന്തമുഖത്ത് നിന്നും പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് ഒരു ജനതയുടെ ഇച്ഛാശക്തിയോടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വിവിധ വകുപ്പുകള്‍, പൊതുജനങ്ങള്‍, വിവിധ സംഘടനകള്‍ ഉള്‍പ്പെടെ സകല ജനങ്ങളും ദുരന്തമുഖത്ത് കൈകോര്‍ക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്  17 കുട്ടികളെ കാണാതാവുകയും 36 കുട്ടികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായ കുട്ടികള്‍ 408 പേരാണ്.  പുനരധിവാസത്തില്‍ ഏറ്റവും പ്രധാനമാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം.  താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ സെപ്തംബര്‍ രണ്ട് മുതല്‍ വെള്ളാര്‍മല സ്‌കൂളിലെയും മുണ്ടക്കൈ സ്‌കൂളിലെയും 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനപ്രവര്‍ത്തനം ആരംഭിക്കുകയാണ്. അസാധാരണ ദുരന്തത്തില്‍ പെട്ടുപോയ സകലരെയും ഓര്‍ക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചില പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ , ദുരന്തത്തിന്റെ മാനസിക ആഘാതം ചോദ്യാവലി ഉപയോഗിച്ചുള്ള വിലയിരുത്തല്‍, മാനസിക സംഘര്‍ഷം രൂപീകരിക്കാം- സംഘപ്രവര്‍ത്തനങ്ങള്‍ , ദുരന്തങ്ങളോടുള്ള കുട്ടികളുടെ മാനസിക പ്രതികരണങ്ങള്‍, പിന്തുണ ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുന്നത് എങ്ങനെ, ശരിയായ പിന്തുണ നല്‍കുന്നതെങ്ങനെ, ദുരന്തബാധിതരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രത്യേക രക്ഷകര്‍തൃത്വ നിര്‍ദ്ദേശങ്ങള്‍, അധ്യാപകര്‍ക്ക് അക്കാദമിക സന്നദ്ധത പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ. പി.ടി സന്ദിഷ്, ഡോ. ജി. രാഗേഷ്, സൈക്കോളജിസ്റ്റ്മാരായ ജിന്‍സി മരിയ,സി. റജിന്‍, അധ്യാപകന്‍ കൈലാസ്, സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ്, എസ്.സി ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ വിനീഷ്, ബി ആര്‍ സി കോഴിക്കോട് ബിപിസി ഒ. പ്രമോദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിശീലന പരിപാടിയില്‍ 200 ഓളം പേര്‍പങ്കെടുത്തു.
 

Tags