കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ കെയംതൊടി മുജീബും വൈസ് ചെയർപേഴ്സൺ കോൺഗ്രസിലെ കെ.അജിതയും രാജിവെച്ചു

google news
dszh

വയനാട് : കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ കെയം തൊടി മുജീബും വൈസ് ചെയർപേഴ്സൺ കോൺഗ്രസിലെ കെ.അജിതയും രാജിവെച്ചു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് രാജി. വൈകുന്നേരം നാല് മണിയോടെ ഇരുവരും നഗര സഭാ സെക്രട്ടറി അലി അസ്കറിന് രാജികത്ത് കൈമാറിയത്. യു.ഡി.എഫ്. നേതാക്കളും കൗൺസിലർമാരും ഈ സമയം നഗര സഭാ ഓഫീസിലെത്തിയിരുന്നു.   സെക്രട്ടറി രാജി സ്വീകരിച്ചതോടെ കെയം തൊടി മുജീബ് 3 വർഷത്തെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു.

മൂന്ന് വർഷം കൊണ്ട് നാല് ദേശീയ പുരസ്കാരങ്ങൾ അടക്കം നേടി കൽപ്പറ്റ നഗരസഭ യെ മികവിൻ്റെ പാതയിലെത്തിച്ചാണ് പടിയിറങ്ങുന്നതെന്ന് കെയം തൊടി മുജീബ് പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ദൗത്യം കൃത്യമായി നിറവേറ്റിയെന്ന് കെ.അജിതയും പറഞ്ഞു.  നിലവിലെ  വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.ജെ. ഐസക്കിനായിരിക്കും പുതിയ ചെയർമാനെ തിരഞ്ഞെടുക്കും വരെ  ചെയർപേഴ്സൺ ചുമതല.    

യു.ഡി.എഫിലെ ധാരണ പ്രകാരം രണ്ടര വർഷം തികഞ്ഞ സമയത്ത് രാജിയും പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പും ഉണ്ടാകേണ്ടതായിരുന്നു.എന്നാൽ കൗൺസിലർമാരായ വിനോദ് കുമാറും അഡ്വ.ടി.ജെ.ഐസക്കും തമ്മിൽ ചെയർപേഴ്സൻ സ്ഥാനം ആവശ്യപ്പെട്ടതോടെ തർക്കം മൂർഛിക്കുകയും ആറ് മാസം കൂടി നീണ്ടു പോവുകയുമായിരുന്നു. ഇപ്പോഴത്തെ ധാരണയനുസരിച്ച് ഇനിയുള്ള രണ്ട് വർഷം രണ്ട് പേർക്കും  കാലാവധി നിശ്ചയിച്ച് ടി.ജെ. ഐസക്ക് ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 28 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 15 ഉം എൽ.ഡി.എഫിന് 13 സീറ്റാണ് ഉള്ളത്.
 

Tags