അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം ; പ്രകൃതി

If we want to open the eyes of the authorities, we have to say something to Pacha himself Prakrithi
If we want to open the eyes of the authorities, we have to say something to Pacha himself Prakrithi

ഹിന്ദു ദൈവങ്ങളുടെ കഥകൾ മാത്രം പറയുന്ന ഭരതനാട്യത്തിൽ വാവരുടെയും വേളാങ്കണ്ണി മാതാവിന്റെയും യേശുക്രിസ്തുവിന്റെയും കഥകൾ പറഞ്ഞു കൊണ്ടുള്ള നൃത്തരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള  മാറ്റങ്ങളെ പറ്റിയും സഞ്ജന

വയനാട് :  കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം  വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം . അങ്ങനെയാണ് എനിക്ക് മാവോയിസ്റ്റ് എന്ന പേര് പോലും ലഭിച്ചതെന്ന്  നർത്തകിയും, കവിയുമായ പ്രകൃതി  പറഞ്ഞു.

വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിവസത്തിൽ മഴവിൽ നിറങ്ങളിൽ മനുഷ്യർ : കലയും സാഹിത്യവും അനുഭവങ്ങളും എന്ന വിഷയത്തിൻമേൽ നടന്ന പാനൽ ഡിസ്കഷനിൽ സംസാരിക്കുകയായിരുന്നു പ്രകൃതി. ഒരേ സമയം ആദിവാസി എന്ന നിലയിലും ട്രാൻസ് വ്യക്തി എന്ന നിലയിലും നേരിടേണ്ടി വന്ന വിവേചനങ്ങളെയും വെല്ലുവിളികളെയും പറ്റി പ്രകൃതി സംസാരിച്ചു. വയനാട്ടിലെ പണിയ  വിഭാഗത്തിൽപ്പെട്ട പ്രകൃതി എന്ന ട്രാൻസ് വ്യക്തിയുടെ    ഈ സാഹിത്യോത്സവത്തിലെ  സാന്നിദ്ധ്യം  പ്രശംസനാർഹമാണെന്ന്  അഭിനേതാവും ക്വീർ ആക്ടിവിസ്റ്റും ആയ ശീതൾ ശ്യാം അഭിപ്രായപ്പെട്ടു.

 പണിച്ചി എന്ന കവിത പണിയ ഭാഷയിൽ എഴുതിയത് പണിയ വിഭാഗത്തിലെ മനുഷ്യർക്ക് കൂടി വായിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് അതേ ഭാഷയിൽ എഴുതിയതെന്ന് പ്രകൃതി പറഞ്ഞു.  ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ  ഉയർന്നുവരുന്ന ജെൻഡർ അവബോധത്തെ പറ്റിയും പ്രകൃതി പരാമർശിച്ചു.

 എല്ലാ എഴുത്തുകാരെയും പോലെ തങ്ങൾ മുഖ്യധാരയിൽ പരിഗണിക്കപ്പെടാറില്ല എന്നും മറിച്ച് പ്രത്യേക വിഭാഗം സൃഷ്ടിച്ച മാറ്റിയിരുത്തലാണ് പൊതുവേ എല്ലാ സാഹിത്യോത്സവങ്ങളിലും നടക്കുന്നതെന്ന് സെഷൻ മോഡറേറ്ററും യുവ കവിയുമായ ആദി ഉന്നയിച്ചു.  കഴിഞ്ഞ സാഹിത്യോത്സവത്തെ  അപേക്ഷിച്ചു ഇത്തവണ അഞ്ചു ക്യുർ വ്യക്തികളെ ഈ വേദിയിൽ കണ്ടതിലുള്ള സന്തോഷം   ശീതൾ ശ്യാം പങ്കുവച്ചു.   എന്നാൽ  പലപ്പോഴും ക്വീർ വ്യക്തികളുടെ പ്രതിനിധാനം  ട്രാൻസ് വിമൻസിലേക്ക് മാത്രമായി  ഒതുങ്ങി പോകുന്നു  എന്നും  അവിടെ മഴവിൽ നിറങ്ങളിലെ മറ്റു മനുഷ്യരെ ഉൾക്കൊള്ളിക്കാൻ പൊതു സമൂഹം ഇന്നും മടി കാണിക്കുന്നുവെന്നും ശീതൾ പറഞ്ഞു.
 
ഇന്ന് കേരള സമൂഹത്തിൽ ക്വീർ വ്യക്തികൾക്ക് ലഭിക്കുന്ന ദൃശ്യത ഒരുപാട് പോരാട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ പുരോഗമനമാണ്. വൈവിധ്യങ്ങളെ അടയാളപ്പെടുത്താൻ ഭരണാധികാരികളെ പോലും പ്രേരിപ്പിച്ചത് ക്വീർ പ്രൈഡ് പോലുള്ള തുടർച്ചയായ പരിശ്രമങ്ങളാണ്.  ശാസ്ത്രീയ നൃത്തത്തിനുള്ളിലെ ജാതിമത വർഗ്ഗ സ്വാധീനങ്ങളെ പറ്റി  നർത്തകിയും അഭിനേത്രിയുമായ സഞ്ജനാ ചന്ദ്രൻ പറഞ്ഞു.  നാട്യശാസ്ത്രത്തിൽ അനിവാര്യമായ പൊളിച്ചെഴുത്തുകളെ പറ്റിയും  ക്വീർ സമൂഹത്തിനുള്ളിലെ തന്നെ ജാതി ബോധത്തെ പറ്റിയും സഞ്ജന പറഞ്ഞു.  

ഹിന്ദു ദൈവങ്ങളുടെ കഥകൾ മാത്രം പറയുന്ന ഭരതനാട്യത്തിൽ വാവരുടെയും വേളാങ്കണ്ണി മാതാവിന്റെയും യേശുക്രിസ്തുവിന്റെയും കഥകൾ പറഞ്ഞു കൊണ്ടുള്ള നൃത്തരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള  മാറ്റങ്ങളെ പറ്റിയും സഞ്ജന പറഞ്ഞു. 30 ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൃത്ത അഭ്യാസം നൽകുന്നുണ്ടെന്ന് സഞ്ജന പറഞ്ഞു.

ഭാഷ  എന്നത് സംസ്കാരത്തിൻറെ മുഖമാണ് ആ മുഖത്തിന്റെ പ്രതിബിംബമാണ് സാഹിത്യം അതേ ഭാഷ എക്കാലത്തും വൈവിധ്യമാർന്ന മനുഷ്യരെ മുറിവേൽപ്പിച്ചിട്ടുണ്ട്, എന്ന് എഴുത്തുകാരിയായ വിജയരാജമല്ലിക പറഞ്ഞു.  ക്വീർ വ്യക്തികളുടെ പ്രണയവും കാമനകളും എഴുതുമ്പോൾ മലയാളത്തിൽ കൃത്യമായ വാക്കുകൾ ഇല്ല എന്നത് സത്യമാണെന്നും അത്തരത്തിൽ പുതിയ വാക്കുകൾ നിർമ്മിക്കാൻ കേരളത്തിലെ എഴുത്തുകാർ മുന്നോട്ടുവരണമെന്നും വിജയരാജമല്ലിക അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ കൊളോണിയലിസം  മുറിവേൽപ്പിച്ച ക്വീർ ജീവിതങ്ങളെയും അവരുടെ ചരിത്രങ്ങളെ പറ്റിയും ചർച്ച നീണ്ടു.  ചോദ്യോത്തര വേളയിൽ പരസ്യങ്ങളിൽ ഉയർന്നുവരുന്ന ക്വീർ അടയാളപ്പെടുത്തലുകളെ പറ്റി ഉയർന്ന ചോദ്യത്തിന്  മുതലാളിത്തവും ഹിന്ദുത്വവും ഒരിക്കലും ഞങ്ങളെ രക്ഷിക്കാൻ പോകുന്നില്ല എന്നായിരുന്നു കവിയായ ആദിയുടെ മറുപടി

Tags