മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനകീയ സെമിനാര്‍ : വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

google news
ssss

ബത്തേരി: വയനാടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാര്‍ ആവശ്യപ്പെട്ടു. മാറി മാറി വന്ന സര്‍ക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ - വ ന്യജീവി സംഘര്‍ഷത്തിന് കാരണം. പരസ്പര വിരുദ്ധങ്ങളായ കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണ്.

ബത്തേരി മുനിസിപ്പല്‍  ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.  വന്യമൃഗശല്യത്തിനെതിരെ വൈകാരിക പ്രകടനം നടത്തുന്നത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും  വിവേകപൂര്‍ണമായ ഇടപെടലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു തട്ടില്‍ നില്‍ക്കുന്നത് പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂ. ഇവര്‍ തമ്മിലുള്ള ബന്ധം നന്നാവേണ്ടതുണ്ട്.

വനവല്‍ക്കരണത്തിന് തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് വര്‍ഗീസ് വട്ടേക്കാട് വിഷയം അവതരിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡണ്ട് കെ.എന്‍.പ്രേമലത അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം, ബത്തേരി റെയ്ഞ്ച് ഓഫീസര്‍ കെ.വി.ബിജു, ഡോ. അനില്‍കുമാര്‍, എം.എ. ജോണ്‍സണ്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ.കൃഷ്ണന്‍കുട്ടി , അബൂബക്കര്‍, ഡേവിഡ് കാഞ്ഞിരത്തിങ്കല്‍, ജോബി വാടശ്ശേരി, ഉസ്മാന്‍ ചാത്തന്‍ചിറ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി.ഗോകുല്‍ദാസ് സ്വാഗതവും അരവിന്ദന്‍ മങ്ങാട് നന്ദിയും പറഞ്ഞു.

Tags