വയനാട് ജില്ലയുടെ പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

google news
ssss

വയനാട് : ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക്  വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട്  ചേര്‍ന്ന് നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് നിര്‍വഹിച്ചു. ലക്കിടി കവാടത്തില്‍ ഒരുക്കിയ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ഹൃദ്യമാവുമെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി വയനാട് താജ് റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ബോര്‍ഡുകള്‍ നവീകരിച്ചത്.

ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ നവീകരിക്കുന്നതിനായി സ്വകാര്യമേഖലയില്‍ നിന്നുള്ള സിഎസ് ഫണ്ട് ലഭ്യമാക്കി വിനോദസഞ്ചാര മേഖലയില്‍ സമര്‍പ്പിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലക്കിടിയിലെ പ്രവേശന കവാട സൗന്ദര്യവത്കരണം. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ ലക്കിടി പ്രവേശന കവാടത്തിലെ ബോര്‍ഡുകള്‍ സുഭാഷ് മോഹനാണ് ഡിസൈന്‍ ചെയ്തത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കൃഷ്ണനാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. ലക്കിടിയില്‍ നടന്ന പരിപാടിയില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ മണിലാല്‍, ഡിടിപിസി സെക്രട്ടറി കെ. അജേഷ്, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എം.ഡി എന്‍. മോഹന്‍ കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, താജ് റിസോര്‍ട്ട് ആന്‍ഡ് സ്പാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags