വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ
വനപാലകർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ആയുധങ്ങൾ വാങ്ങി വിതരണം ചെയ്യും.
പുൽപ്പള്ളി: വനപാലകർ പൊതുജനങ്ങളുടെ മിത്രങ്ങളായി പ്രവർത്തിക്കണമെന്നും വനം വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കിയ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലുൾപ്പെട്ട വിലങ്ങാടി- മച്ചിമൂല, മച്ചിമൂല - പന്നിക്കൽ തൂക്കുവേലിയുടെ പ്രവർത്തനോദ്ഘാടനവും അമരക്കുനി ടൈഗർ ഓപ്പറേഷനിൽ പങ്കെടുത്ത വനം വകുപ്പ് ജീവനക്കാരെ ആദരിച്ച് സംസാരിക്കുകയെന്നും മന്ത്രി.
വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമായി പൂർത്തിയാക്കാനും നടപ്പാക്കാനും കഴിയണമെങ്കിൽ ജനകീയ ഐക്യം വളർത്തിയെടുക്കണം. അമരക്കുനി ടൈഗർ ഓപ്പറേഷൻ പരസ്പര ധാരണയുടെ വിജയമാണ്. സംസ്ഥാനത്തെ വന മേഖലകളെ 12 സോണായി തിരിക്കുകയും അതിൽ ഏഴ് മേഖല ഹോട്ട്സ്‌പോട്ടായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. വന മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഒരു മോണിറ്ററിങ് വിഭാഗത്തെ ഉറപ്പാക്കും. ആവശ്യമായിടത്ത് സേനയെ സജ്ജമാക്കി എളുപ്പത്തിൽ എത്തിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
വനപാലകർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ആയുധങ്ങൾ വാങ്ങി വിതരണം ചെയ്യും. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് വനാതിർത്തികളിൽ നിർമ്മിക്കുന്ന 200 നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നത് ജനങ്ങൾക്ക് സുരക്ഷാ കരുതൽ സ്വീകരിക്കുന്നതിന് സഹായകരമാകും. ആർ.ആർ.ടികളുടെ എണ്ണം വർദ്ധിപ്പിക്കും.
ഇരുളം ഫോറസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ അമരക്കുനി ടൈഗർ ഓപ്പറേഷനിൽ സ്തുത്യർഹ സേവനം നടത്തിയ ജീവനക്കാർ, ആർ ആർടി അംഗങ്ങൾ, ഫോറസ്റ്റ് വെറ്റിറിനറി സംഘം, റവന്യൂ ' പോലിസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പൊതുജനങ്ങൾ എന്നിവരെ മന്ത്രി ആദരിച്ചു. ചേകാടി വനസംരക്ഷണ സമിതി എസ്.എഫ്. ഡി.എ ഫണ്ട് മുഖേന ലഭ്യമാക്കിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം, പുൽപ്പള്ളി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർക്ക് ജാക്കറ്റ്, ഷൂ, ഹൈ ബീം സർച്ച് ലൈ്റ്റ് എന്നിവയുടെ വിതരണം, ജീവനകാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, എൽഇ ഡി ടോർച് വിതരണം മന്ത്രി നിർവ്വഹിച്ചു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷനായ പരിപാടിയിൽ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപ, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡിഎഫ്ഒ മാരായ അജിത്ത് കെ രാമൻ, കെ.ജെ മാർട്ടിൻ ലോവൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, സോഷൽ ഫോറസ്ട്രി എ.സി. എഫ് ഹരിലാൽ, സി.എം ശിവരാമൻ, അഡ്വ. എൻ.കെ വർഗ്ഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.