സി പി എം ഭരിക്കുന്ന സംഘങ്ങള്‍ ബ്രഹ്‌മഗിരി സൊസൈറ്റിക്ക് മറിച്ചുനല്‍കിയത് കോടികള്‍; നിയമനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

സി പി എം ഭരിക്കുന്ന സംഘങ്ങള്‍ ബ്രഹ്‌മഗിരി സൊസൈറ്റിക്ക് മറിച്ചുനല്‍കിയത് കോടികള്‍; നിയമനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍


കല്‍പ്പറ്റ: ജില്ലയിലെ സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ നിയമവിരുദ്ധമായി സഹകാരികളെ കബളിപ്പിച്ചുകൊണ്ട് കോടികളാണ് ബ്രഹ്‌മഗിരി ഡെലപ്പ്‌മെന്റ് സൊസൈറ്റിയിലേക്ക് മറിച്ച് നല്‍കിയതെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, നെന്മേനി മണ്ഡലം പ്രസിഡന്റ് കെ കെ പോള്‍സണ്‍, ഡി കെ ടി എഫ് ജില്ലാസെക്രട്ടറി ഷാജി ചുള്ളിയോട്, ഐ എന്‍ ടി യു സി ജില്ലാസെക്രട്ടറി ആര്‍ ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നല്ലൂര്‍നാട് സര്‍വീസ് സഹകരണബാങ്ക്-53 ലക്ഷം, മാനന്തവാടി സഹകരണ അര്‍ബന്‍ സംഘം-15 ലക്ഷം, മാനന്തവാടി ഗവ. എംപ്ലോയീസ് സഹകരണസംഘം 15 ലക്ഷം, കോട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക്-22 ലക്ഷം, കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക്-25 ലക്ഷം, തരിയോട് സര്‍വീസ് സഹകരണ ബാങ്ക്-15 ലക്ഷം, വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക്-10 ലക്ഷം, കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം-അഞ്ച് ലക്ഷം, കല്‍പ്പറ്റ അര്‍ബന്‍ സഹകരണ സംഘം-അഞ്ച് ലക്ഷം, കല്‍പ്പറ്റ ഗവ. സെര്‍വന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് സഹകരണസംഘം-25 ലക്ഷം, സുല്‍ത്താന്‍ബത്തേരി താലൂക്ക് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് സഹകരണസംഘം-30 ലക്ഷം എന്നിങ്ങനെ ആകെ രണ്ട് കോടി 20 ലക്ഷം രൂപയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് തന്നെ വ്യക്തമായിരിക്കുകയാണ്.

സഹകരണ വകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങാതെ നിയമവിരുദ്ധമായും, സംഘാംഗങ്ങളെ അറിയിക്കാതെയുമാണ് ഭരണസമിതികള്‍ ഭീമമായ തുകകള്‍ ഇങ്ങനെ മറിച്ച് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ഖജനാവിലെ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാരും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സി പി എം നേതാക്കളുടെ ഇടപെടലിലൂടെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷനായപ്പോള്‍ അവര്‍ക്ക് ലഭിച്ച ആനൂകൂല്യങ്ങളും, പ്രവാസികളുടെ നിക്ഷേപങ്ങളും, കുടുംബശ്രീകളുടെയും, സ്വാശ്രയസംഘങ്ങളുടെയും പണവും ബ്രഹ്‌മഗിരിയില്‍ നിക്ഷേരിച്ചിരുന്നു. എന്നാല്‍ ഇവരെയൊക്കെ കബളിപ്പിച്ചുകൊണ്ട് കൊണ്ട് ബ്രഹ്‌മഗിരി പൂട്ടിപ്പോയി.

വഞ്ചിക്കപ്പെട്ട പലരും നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ അത് തീര്‍പ്പാക്കാന്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്റിന് അയക്കുകയാണുണ്ടായത്. പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിയമനടപടിക്ക് പോകാവുന്നതാണെന്നറിയിച്ച് പരാതികളെല്ലാം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. നിക്ഷേപകരെ സര്‍ക്കാരും കൈവിട്ട് സാഹചര്യത്തില്‍ പലരും കോടതിയെ സമീപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സി പി എമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് ഈ വഞ്ചനയില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സി പി എം നേതാക്കളുടെ ഒത്താശയോടെ സഹകരണസംഘങ്ങളിലെ പണം നിയമവിരുദ്ധമായി ബ്രഹ്‌മഗിരിക്ക് മറിച്ചുകൊടുത്ത് സംഘാംഗങ്ങളെ പറ്റിച്ച സംഘം ഭരണസമിതികളുടെ പേരില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags