നോർത്ത് വയനാട് വനം ഡിവിഷനിൽ 97 ഇനം തുമ്പികളെ കണ്ടെത്തി

thumbi

വയനാട് : വനംവകുപ്പും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ സർവേയിൽ നോർത്ത് വയനാട് വനം ഡിവിഷനിലെ 9 ക്യാമ്പുകളിൽ നിന്നുമായി 97 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 59 ഇനം കല്ലൻത്തുമ്പികളും 38 ഇനം സൂചിത്തുമ്പികളുമാണ്. ഇതേ പ്രദേശത്ത് ദീർഘകാലാടിസ്ഥാനത്തിൽ പഠനം നടത്തിവരുന്ന ഗവേഷകരുടെ കണക്കും ചേർത്ത് നോർത്ത് വയനാട് വനം ഡിവിഷനിൽ കാണുന്ന തുമ്പികളുടെ എണ്ണം 114 ആയി. ഇതിൽ 35 ഇനം തുമ്പികൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. നീലക്കഴുത്തൻ നിഴൽത്തുമ്പി (Protosticta mortoni), വർണ നിഴൽത്തുമ്പി (Protosticta sexcolorata), വടക്കൻ മുളവാലൻ (Melanoneura bilineata), പൊക്കൻ കടുവ (Acrogomphus fraseri), വിരൽവാലൻ കടുവ (Asiagomphus nilgiricus), നീലഗിരി മലമുത്തൻ (Chlorogomphus campioni), ചൂടൻ പെരുങ്കണ്ണൻ (Macromia irata), മിനാരക്കോമരം (Idionyx galeatus) എന്നിവയാണ് കണ്ടെത്തിയവയിൽ അപൂർവവും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയുമായ തുമ്പികൾ.

മെയ്‌ 24ന് നോർത്ത് വയനാട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ കെ. ജെ മാർട്ടിൻ ലോവൽ ഉദ്ഘാടനം ചെയ്ത സർവേ 26ന് ഉച്ചയോടെ സമാപിച്ചു. റേഞ്ച് ഓഫീസർമാരായ രാകേഷ് കെ, സനൂപ് കൃഷ്ണൻ പി. വി, രമ്യ രാഘവൻ, രജിത്ത് പി എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. പാരിസ്ഥിതിക സൂചകങ്ങളായ തുമ്പികളുടെ നിറസാന്നിധ്യം ഈ വനങ്ങളുടെ മികച്ച ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും തുമ്പികളെ കുറിച്ച് കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കേണ്ടതുണ്ടെന്നും ഗ്രീൻ ഇന്ത്യ മിഷൻ കോർഡിനേറ്റർ അൻവർ സി. എസ് അവലോകനയോഗത്തിൽ അഭിപ്രായപ്പെട്ടു.
 

Tags