40 ലക്ഷത്തിന്റെ ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

nutrimix production vellamunda
nutrimix production vellamunda

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഉല്പാദന യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ,പഞ്ചായത്തംഗം റംല മുഹമ്മദ്‌, സി.ഡി.എസ്  ചെയർപേഴ്സൺ സജ്ന ഷാജി, എൻ.കെ മോഹനൻ മാസ്റ്റർ, വിനോദ് പാലിയാണ,ഷൈനി ജോസ്, റോസ്‌ലി ബേബി, മേഴ്‌സി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും വരുന്ന 11 സ്ത്രീകളുടെ കൂട്ടായ്മയിലൂടെ വെള്ളമുണ്ട എട്ടേനാൽ കേന്ദ്രമായി 2006 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മാതൃകാ സ്ഥാപനമാണ് സ്നേഹദീപം അമൃതം ഫുഡ് സപ്ലിമെന്റ്. 
സ്നേഹദീപം സംരംഭകർ. സ്വന്തമായി കെട്ടിടം ലഭിച്ച ആഹ്ലാദത്തിലാണിപ്പോൾ.

കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടി.എച്ച്.ആര്‍.എസ് ) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ സാമൂഹ്യക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആറ് മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കുടുംബശ്രീയുടെ വിദഗ്ധ പരിശീനം നേടിയ അമൃതം ഫുഡ് സപ്ളിമെന്‍റ് യൂണിറ്റുകളാണ് ഈ പോഷകാഹാരം ഇപ്പോൾ കേരളമാകെ  തയ്യാറാക്കുന്നത്.

ഗുണഭോക്‌തൃ വിഹിതവും ബാങ്ക് ലോണും കുടുംബശ്രീയുടെ അമ്പതിനായിരം രൂപ സബ്സിഡിയുമായി തുടങ്ങിയ വെള്ളമുണ്ട സ്നേഹദീപം ഇന്ന് കോടികളുടെ വിറ്റുവരവുണ്ടാക്കിയ സ്ഥാപനമായി വളർന്നിരിക്കുന്നു. അതുപോലെ കുടുംബശ്രീയുടെ പതിനാറാം വാർഷികത്തിൽ ജില്ലയിലെ ഏറ്റവും നല്ല സംരഭത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. മാസത്തിൽ കാൽ ലക്ഷത്തിനടുത്ത് വാടക നൽകി പ്രവർത്തിക്കുവാൻ മാത്രമുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തതു മുന്നിൽ കണ്ടാണ് സ്വന്തമായി 10 സെന്റ് സ്ഥലം ബാങ്ക് ലോണെടുത്തു അംഗങ്ങൾ വാങ്ങിയത്.

അവിടെ എല്ലാ സൗകര്യവുമുള്ള ഒരു ബിൽഡിംഗ് നിർമ്മാണം നടത്തുക എന്ന ദൗത്യം വയനാട് ജില്ലാ പഞ്ചായത്ത്  ഏറ്റെടുത്തു. അതിന്റെ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ പൂർത്തിയായി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രേസി വർഗീസ് കല്ലൻമാരിയിൽ,സുലാചന വിനോദ് മന്ദംചിറ, ജമീല നാസർ ചേലാക്കാടൻ,
ലിസി ഷാജി വടക്കേടത്ത് പുത്തൻപുരയിൽ,റീജ ബാലൻ അരയാൽമുണ്ട,ഫിലോമിന വടക്കേൽ ,മേഴ്സി മാത്യു വാരപ്പടവിൽ,ഷൈനി ജോസ് തെക്കേൽ,ലിസിറെജി നോൾഡ്താഴത്തുവീട്, സുനിത രാജേഷ് താഴത്തെ ക്കുടയിൽ,മേഴ്സി സ്റ്റീഫൻ ചെട്ടിക്കാതോട്ടത്തിൽ എന്നീ 11 പേരാണ് നിലവിൽ അമൃതം സപ്ലിമെന്റ് സംരംഭകർ.

nutrimix production vellamunda

സംസ്ഥാനത്തെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ന്യൂട്രിമിക്സ് ഉല്‍പാദനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗ്രേഡിംഗിൽ 'എ' ഗ്രേഡ് ലഭിച്ച സ്ഥാപനമാണിത്.

യൂണിറ്റുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുന്നതിനും സ്വയംതൊഴില്‍ സംരംഭം എന്ന നിലയ്ക്ക് കൂടുതല്‍ പ്രഫഷണലിസം കൈവരുത്തുന്നതിനുമായാണ് ബന്ധപ്പെട്ടവർ  ഗ്രേഡിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്.   അടിസ്ഥാന സൗകര്യം, പരിസരശുചിത്വം, യൂണിറ്റിനുള്ളിലെ ശുചിത്വം, യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളും അവയുടെ ശുചിത്വവും, ഇലക്ട്രിഫിക്കേഷന്‍, വ്യക്തിശുചിത്വം, രേഖകളും രജിസ്റ്ററുകളും, നിയമപരമായ രേഖകളും നടപടികളും, മൂല്യവര്‍ദ്ധനവ്, പ്രവര്‍ത്തന മികവ്, സംഘബോധം എന്നിവയാണ് ഗ്രേഡിങ്ങിനായി നിഷ്കര്‍ഷിച്ചിരുന്ന  സുപ്രധാന മാനദണ്ഡങ്ങള്‍. ഇതൊക്കെ പാലിച്ചു പോവുന്ന സ്നേഹദീപം മാതൃകാ സ്ഥാപനമാണ്.

റണ്ണിംഗ് ലൈസന്‍സ്, പാക്കിംഗ് ലൈസന്‍സ്, എഫ്.എസ്.എസ്.എ.ഐ.രജിസ്ട്രേഷന്‍, ടാക്സ് രജിസ്ട്രേഷന്‍, ഉല്‍പന്നത്തിലുള്ള നിയമപരമായ അറിയിപ്പുകള്‍, എല്ലാ അംഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ നിയമപരമായ രേഖകള്‍, കൂടാതെ  റോസ്റ്റര്‍, ബ്ളന്‍ഡര്‍, സ്വിഫ്റ്റര്‍, പള്‍വറൈസര്‍,ബാച്ച് കോഡിംഗ് മെഷീന്‍ തുടങ്ങി ന്യൂട്രിമിക്സ് നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങളും അവയുടെ സമ്പൂര്‍ണ ശുചിത്വവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളും റേറ്റിംഗില്‍ കര്‍ശനമായി വിലയിരുത്തിയതിന് ശേഷം   എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു എന്ന് ഉറപ്പുവരുത്തിയ  യൂണിറ്റുകള്‍ക്കു മാത്രമാണ്  'എ'ഗ്രേഡ് ലഭിക്കുക.

സമീപ ഭാവിയിൽ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണണം ചെയ്യുന്നതിനും സ്നേഹദീപം പ്രവർത്തകർ ആലോചിക്കുന്നുണ്ട്. ഈ പോഷകാഹാരം തയ്യാറാക്കുന്നത് ഗോതമ്പ്, സോയ, പഞ്ചസാര, കപ്പലണ്ടി, കടലപ്പരിപ്പ്, എന്നിവ ചേര്‍ത്ത ഭക്ഷ്യമിശ്രിതം കൊണ്ടാണ്. ഇത്  വികസിപ്പിച്ചെടുത്തത്  കാസര്‍കോട് സെന്‍റര്‍ പ്ളാന്‍റേഷന്‍ ഫോര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് നല്‍കുന്നത് പഞ്ചായത്താണ്.  ആറു മാസം മുതല്‍ മൂന്നു മാസം വരെയുള്ള കുട്ടികളില്‍ തന്നെ വിവിധ പ്രായം തിരിച്ച് ഓരോ പ്രായത്തിലും ആവശ്യമായ പോഷകമൂല്യം എത്രയാണെന്നു കണ്ടെത്തുന്നതിനായി സമഗ്രവും ആധികാരികവുമായ ഒരു ശാസ്ത്രീയ പഠനം നടന്നിട്ടുണ്ട്.
    
മാംസ്യം, കൊഴുപ്പ്, അന്നജം, കാല്‍സ്യം,  ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ തുടങ്ങിയ വിവിധ പോഷകങ്ങള്‍ അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ അവര്‍ക്ക് ഊര്‍ജം കൂടുതല്‍ നല്‍കുന്ന ഭക്ഷണങ്ങളും അന്നജവും ധാരാളം ആവശ്യമാണ്. കടലപ്പരിപ്പ്, വറുത്ത കപ്പലണ്ടി, സോയാചങ്ക്‌സ് , പഞ്ചസാര എന്നിവ കുട്ടികള്‍ക്ക് ഊര്‍ജം നല്‍കുന്നതോടൊപ്പം ഊര്‍ജം കുറഞ്ഞാലുണ്ടാകുന്ന ക്വാഷിയോര്‍ക്കര്‍  എന്ന രോഗത്തില്‍ നിന്നും, മാംസ്യം കുറഞ്ഞാലുണ്ടാകുന്ന മരാസ്മസ് എന്ന രോഗത്തില്‍ നിന്നും പ്രതിരോധിക്കുകയും ചെയ്യുന്നു. 

കടലപ്പരിപ്പ്, കപ്പലണ്ടി, കൊഴുപ്പ് കളഞ്ഞ സോയാപൊടി എന്നിവ എല്ലിന്‍റെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാംസ്യവും കാല്‍സ്യവും നല്‍കുക മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ആറ് വിവിധ പ്രതിരോധ-പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്. മസ്തിഷ്കത്തിന്‍റെ വളര്‍ച്ച, പ്രവര്‍ത്തനക്ഷകമത എന്നിവയ്ക്കും  ഹൃദയം, കണ്ണുകള്‍ എന്നിവയുടെ പരിരക്ഷണത്തിനും  നാഡീവ്യവസ്ഥ യുടെ ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളും അമൃതം ന്യൂട്രിമിക്സില്‍ അടങ്ങിയിട്ടുണ്ട്.

വൈവിധ്യമാർന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളടക്കം നിര്‍മിച്ച് വിപണണം ചെയ്യുന്നതിന്  സ്നേഹദീപം പോലുള്ള സംരംഭങ്ങൾ മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

Tags