വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പദ്ധതിക്ക് 15 കോടി വകയിരുത്തി വയനാട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്

google news
sgfd

കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പദ്ധതിക്ക് 15 കോടി വകയിരുത്തി വയനാട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. വന്യമൃഗശല്യ പ്രതിരോധത്തിന് ഒരു കോടി രൂപ വകയിരുത്തി പ്രധാന ഊന്നൽ നൽകുന്ന ബഡ്ജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് എസ്.ബിന്ദുവാണ്  അവതരിപ്പിച്ചത്. 


66,88,22,524 രൂപ വരവും 66,53 ,14,800 രൂപ ചെലവും 35,07,724 രൂപ നീക്കി ബാക്കിയുമുള്ളതാണ് 2023-24- വർഷത്തെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിന് ഒരു കോടി രൂപ മാത്രമാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളൂവെങ്കിലും പ്രധാന ഊന്നൽ മേഖല ഇതാണന്നും വിവിധ മാർഗ്ഗങ്ങൾ സഞ്ചിത നിധി ഉണ്ടാക്കി സുരക്ഷ പദ്ധതി പ നടപ്പാക്കുമെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.  


വിദ്യഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുന്നതിന് സമഗ്ര എന്ന പേരിൽ പദ്ധതി നടപ്പാക്കും.
ആർത്തവകാലത്ത് സ്കൂളുകളിൽ പെൺകുട്ടികൾക്ക് വിശ്രമിക്കുന്നതിന് ഷീ- അരീന എന്ന പേരിൽ റിഫ്രഷ് മെൻ്റ് റസ്റ്റ് റൂം നിർമ്മിച്ച് നൽകുന്ന നൂതന പദ്ധതിയും ഇത്തവണ ബഡ്ജറ്റിലുണ്ട്.   പെൺമ എന്ന പേരിൽ ആരംഭിക്കുന്ന സ്ത്രീ സംരംഭക പദ്ധതിക്കും ക്ഷീര സാഗരം പദ്ധതിക്കും  2.5 കോടി രൂപ വീതം  വകയിരുത്തിയിട്ടുണ്ട്. 


ഭവന രഹിതരായ മുഴുവൻ പേർക്കും വീട് നൽകുന്ന സർക്കാർ പദ്ധതിയായ ഭവന നിർമ്മാണ പദ്ധതിക്ക് 6.5 കോടി രൂപയും വകയിരുത്തി. ബഡ്ജറ്റ് മനോഹരമാണെന്ന് പ്രസംഗിച്ചാൽ പോര പ്രാവർത്തികമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ആർജ്ജവം കാണിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങൾ പ്രതികരിച്ചു .വന്യമൃഗ ശല്യ പ്രതിരോധത്തിന് സഞ്ചിത നിധി രൂപീകരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇടതുപക്ഷ ജില്ലാ പഞ്ചായത്തംഗങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുൻ കാലങ്ങളിലേതുപോലെ പർച്ചേസിലൂടെ അഴിമതി കാട്ടാൻ അനുവദിക്കില്ലന്നും വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, സുരേഷ് താളൂർ, ജുനൈദ് കൈപ്പാണി  തുടങ്ങി എൽ.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.

Tags