മാലിന്യ സംസ്കരണം യഥാർത്ഥ സംസ്കാരത്തിന്റെ പ്രതിഫലനം: ഡോ. ജോയ് ഇളമൺ

gfj

കാസർകോട് :  മാലിന്യ സംസ്കരണത്തിലുണ്ടാകുന്ന മാറ്റമാണ് യഥാർത്ഥ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ) ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ച നവീനമായ ഇടപെടലുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. മാലിന്യ സംസ്കരണത്തിന് നേ തൃത്വം നൽകുന്ന മുന്നണി പോരാളികളായി ഹരിത കർമ സേന മാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. അതി ദരിദ്രരായി കണ്ടെത്തിയ 0.73 ശതമാനം വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ജനകീയാസൂത്രണവും ട വഹിച്ച പങ്ക് വലുതാണെന്നും ഡോ. ജോയ് ഇളമൺ പറഞ്ഞു.  

പ്രമുഖ പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ വി.കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കലയുടെയും മനുഷ്യരുടെയും അറബിക്കടലിന്റെയും സംഗമമാണ് ബേക്കലിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേലംപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ പങ്കെടുത്തു. ഡോ. ജോയ് ഇളമണ്ണിനും വി.കെ സുരേഷ് ബാബുവിനുമുള്ള ഉപഹാരങ്ങൾ സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം. എൽ.എ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ എന്നിവർ കൈമാറി. താമസം വിശ്രമം ഉപസമിതി ചെയർമാൻ വി. രാജൻ സ്വാഗതവും അലങ്കാര ഉപസമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞി ചോണായി നന്ദിയും പറഞ്ഞു. 

Tags