തുളു മാതൃഭാഷയായ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുളു ഭാഷയില്‍ തന്നെ വിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടാകണം ; കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍

google news
tululanguage

കാസര്‍കോട് : തുളു മാതൃഭാഷയായ ആയിരത്തിലധികം കുടുംബങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കുവാനുള്ള സൗകര്യമില്ല. കാലങ്ങളായി കന്നഡയിലും മലയാളത്തിലുമാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. പാഠപുസ്തകങ്ങളും പഠന ഭാഷയും മറ്റൊന്നാകുന്നത് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമല്ലെന്നും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും കേരള സാഹിത്യ അക്കാദമി  അംഗം ഇ.പി.രാജഗോപാലന്‍ പറഞ്ഞു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് നടത്തിയ ബഹുഭാഷാ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.ഭാഷകളുടെ അതിര്‍വരമ്പുകള്‍ മാഞ്ഞ് സംസ്‌ക്കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഏറ്റവും മികച്ച മാര്‍ഗ്ഗം വിവര്‍ത്തനങ്ങളാണെന്നും അതിന് സാംസ്‌ക്കാരിക വകുപ്പിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും പ്രഭാഷണ വേളയില്‍ പ്രമുഖ വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി കുമാരന്‍ പറഞ്ഞു.

പ്രതിവര്‍ഷം മികച്ച പത്ത് മലയാള പുസ്തകങ്ങള്‍ കന്നഡയിലേക്കും മികച്ച പത്ത് കന്നഡ പുസ്തകങ്ങള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അതോടൊപ്പം കഥകളിയുടെയും യക്ഷഗാനത്തിന്റെയും പ്രചരണങ്ങള്‍ സാംസ്‌ക്കാരിക വകുപ്പ് ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Tags